മഹാസാഗരമായി മാറുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് യുകെയിലെ ക്നാനായ സമൂഹം. യുകെകെസിഎയുടെ 21-ാം കണ്‍വെന്‍ഷന്‍ ജൂലൈ ആറിന് ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്റരില്‍ അരങ്ങേറും. അന്ന് യുകെകെസിഎയുടെ കണ്‍വെന്‍ഷന്‍ വേദി നട വിളിയും മാര്‍ത്തോമനും തിരയടിയ്ക്കുന്ന മഹാസാഗരമായി മാറുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് യുകെയിലെ ക്നാനായ സമൂഹം.
യുകെകെസിഎ കണ്‍വന്‍ഷനുകളില്‍ ഏറ്റവും പ്രധാന ആകര്‍ഷണമാണ് , സ്വാഗതനൃത്തത്തിന്റെ സമയം. ക്നാനായ സമുദായത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍ യുകെകെസിഎ വേദിയില്‍ വിസ്മയവിളക്കുകള്‍ തെളിയിക്കുന്ന കാഴ്ച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 21-ാമത് കണ്‍വന്‍ഷന്റെ സ്വാഗത നൃത്തത്തിന്റ പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
നൂറിലധികം ക്നാനായ യുവജനങ്ങളെ ഒരേ വേദിയില്‍ അണിനിരത്തി, നൃത്തരൂപങ്ങളുടെ സങ്കലനത്തിലൂടെ പ്രേക്ഷകരുടെ മനസ്സുകളെ കീഴടക്കുന്ന സ്വാഗതനൃത്തം മനോഹരമാവുന്നത് അനുയോജ്യമായ വരികളിലൂടെയാണ്. 21-ാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ സ്വാഗതഗാനം രചിച്ചത് സജി പണ്ടാരക്കണ്ടമാണ്. യുകെകെസിഎ യുടെ ചിച്ചസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റായ സജി മുമ്പ് പലവട്ടം ചിച്ചെസ്റ്റര്‍ യൂണിറ്റ് ഭാരവാഹിയായിരുന്നിട്ടുണ്ട്. യുകെയില്‍ വരുന്നതിനുമുമ്പ് കോട്ടയം രൂപതയുടെ വിവിധ ഹൈസ്‌കൂളുകളില്‍ ബയോളജിക്കല്‍ സയന്‍സ് അധ്യാപകനായിരുന്നു സജി പണ്ടാരക്കണ്ടം.
കവിതകള്‍ മാത്രമല്ല, നാടകങ്ങളും എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് സജി പണ്ടാരക്കണ്ടം. യുകെകെസിഎ കണ്‍വന്‍ഷന്‍ വേദിയില്‍ ചിച്ചെസ്റ്റര്‍ യൂണിറ്റ് അവതരിപ്പിച്ച ബൈബിള്‍ നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്നു സജി മാഷ്. ഭാര്യ ബിബി സജി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി ഇടവകാംഗമാണ്. സജി പണ്ടാരക്കണ്ടത്തിന്റെ വരികള്‍ക്ക് സെബി നായരമ്പലം അതിമനോഹരമായി ചിട്ടപ്പെടുത്തിയ, പിറവം വില്‍സനും സംഘവും ഭാവസുന്ദരമായി ആലപിച്ച സുന്ദര ഗാനമാണ് സ്വാഗതനൃത്തത്തിന്റെ ഗാനമാവുന്നത്. വീണ്ടും ഒരിക്കല്‍ കൂടി കലാഭവന്‍ നൈസ് നൃത്തസംവിധാനമൊരുക്കുമ്പോള്‍ അവസ്മരണീയമായ ഒരു ഉജ്ജ്വല പ്രകടനത്തിനാണ് വഴിയൊരുങ്ങുന്നത്.
സ്വാഗത നൃത്തത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്ന 14 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും പരിശീലനങ്ങള്‍ക്കായി ക്ഷണിയ്ക്കുകയാണ്. നാലു പരിശീലനങ്ങളാണ് ലക്ഷ്യമിടുന്നത്. ജൂണ്‍ 15, 23, 29, ജൂലൈ അഞ്ച് തീയതികളിലാണ് പരിശീലനം നല്‍കുന്നത്.
പരിശീലനം നല്‍കുന്ന ഹാളിന്റെ വിലാസം
St Marymount Parish hall,Walsall WS1 3NX.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റോബിമേക്കര: 07843020249
ഫിലിപ്പ് ജോസഫ്: 07882435486
ക്നാനായക്കാര്‍ എത്തുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ പതിവുപോലെ ബലിപീഠമൊരുക്കി ബലിയര്‍പ്പിച്ചാണ് തുടക്കമാവുന്നത്. അനുരഞ്ജനത്തിന്റെ കൂദാശയ്ക്കായി വലുപ്പച്ചെറുപ്പമില്ലാതെ ഒരു മനസ്സായി ക്നാനായ ജനമെത്തുമ്പോള്‍ തിരുബലി ഏറ്റവും ഭംഗിയാക്കാന്‍ ലിറ്റര്‍ജി കമ്മറ്റിയൊരുങ്ങുകയാണ്. അനുഗ്രഹീത ഗായകരെ ഒരുമിച്ചു ചേര്‍ത്ത് പലവട്ടം പരിശീലനം നടത്തി ദിവ്യബലിയില്‍ മനോഹരമായ ഗാനങ്ങളാലപിയ്ക്കാന്‍ ഗായകസംഘം ഒരുങ്ങുകയാണ്. 21 മത് കണ്‍വന്‍ഷന്റെ ഗായക സംഘത്തില്‍ അംഗമാകാന്‍ താല്‍പ്പര്യമുള്ള ഗായകര്‍ക്ക് ഗായക സംഘത്തിന്റെ ചുമതല വഹിയ്ക്കുന്ന ബര്‍മിംഗ്ഹാം യൂണിറ്റിലെ നാഷണല്‍ കൗണ്‍സില്‍ അംഗമായ കോട്ടയം ജോയിയെ 07980050883 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
കണ്‍വന്‍ഷനിലെത്തുന്നവര്‍ ചാരിതാര്‍ത്ഥ്യത്തോടെയും അഭിമാനത്തോടെയും മടങ്ങണം എന്ന ലക്ഷ്യവുമായി, കണ്‍വന്‍ഷനിലെത്തുന്നവര്‍ക്ക് ഒരു കുറവും ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയ വിവിധ കമ്മറ്റികള്‍ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിയ്ക്കുകയാണ്. യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തില്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായി വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയാണ്. യുകെകെസിഎ അഡൈ്വസര്‍ ലുബി മാത്യു വെള്ളാപ്പള്ളി റാലി കമ്മറ്റിയുടെ ചുമതല വഹിയ്ക്കും.
ഒരു പോയന്റ് കടക്കാന്‍ മണിക്കൂറുകള്‍ എടുത്ത കഴിഞ്ഞ വര്‍ഷത്തെ സമുദായ റാലി ഏറ്റവും ഭംഗിയായി നടത്തുന്നതിന് ചുക്കാന്‍ പിടിച്ചതും ലുബി വെള്ളാപ്പള്ളി ആയിരുന്നു. ദിവ്യബലിയോടെ കണ്‍വന്‍ഷന് തുടക്കമാവുമ്പോള്‍ കഴിഞ്ഞ തവണ ലിറ്റര്‍ജി കമ്മറ്റിയുടെ ചുമതല വഹിച്ച ജോയി പുളിക്കീല്‍ തന്നെ ലിറ്റര്‍ജി കമ്മറ്റിയുടെ അമരക്കാരനാവും. ഫുഡ് കമ്മറ്റിയുടെ അധിക ചുമതലയും ജോയി പുളിക്കീലിനുണ്ട്. വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന, കണ്‍വന്‍ഷന് മാറ്റു കൂട്ടുന്ന പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയുടെ ചുമതല വീണ്ടും യുകെകെസിഎ ജനറല്‍ സെക്രട്ടറി സിറിള്‍ പനംകാല വഹിയ്ക്കും.
യുകെകെസിഎ ട്രഷറര്‍ റോബി മേക്കര കഴിഞ്ഞ കണ്‍വന്‍ഷനിലേതുപോലെ രജിസ്ട്രേഷന്‍ കമ്മറ്റിയുടെ ചുമതലയോടൊപ്പം വെല്‍ക്കം ഡാന്‍സ്, കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ അധിക ചുമതലയുമേറ്റെടുക്കുന്നു. യുകെകെസിഎ ജോയന്റ് ട്രഷറര്‍ റോബിന്‍സ് പഴുക്കായില്‍ കണ്‍വന്‍ഷന്‍ പബ്ലിസിറ്റിയോടൊപ്പം ഫുഡ് കമ്മറ്റിയുടെ ചുമതലയിലും പങ്കാളിയാവുന്നു.
കണ്‍വന്‍ഷനിലെത്തുന്നവര്‍ക്ക് ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനും ഓര്‍മ്മയില്‍ എന്നും ഒളിവെട്ടുന്ന നിമിഷങ്ങള്‍ സമ്മാനിയ്ക്കാനുമായി സ്വാഗത നൃത്തത്തിന്റെയും കലാ പരിപാടികളുടെയും ഭാരിച്ച ചുമതലയേറ്റെടുക്കുന്നത് യുകെകെസിഎ വൈസ് പ്രസിഡന്റ് ഫിലിപ്പ് പനത്താനത്താണ്. കണ്‍വന്‍ഷനിലെത്തുന്ന വിശിഷ്ട വ്യക്തികളെയും യുകെയിലെ ക്നാനായ മക്കളേയും ആദരവോടെ സ്വീകരിയ്ക്കാനുള്ള റിസെപ്ഷന്‍ കമ്മറ്റി മാത്യു പുളിക്കത്തൊട്ടിയിലിന്റെ ചുമതലയിലാണ്. |