സ്വിന്‍ഡന്‍: വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ 2024 വര്‍ഷത്തെ കായികമേള പ്രൗഢഗംഭീരമായി. സെയിന്റ് ജോസഫ് കോളേജ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന കായികമേളയില്‍ 124 പോയിന്റുമായി നോര്‍ത്ത് സ്വിന്‍ഡന്‍ ചാമ്പ്യന്മാര്‍, 102 പോയിന്റുമായി ഈസ്റ്റ് സ്വിന്‍ഡന്‍ റണ്ണറപ്പ്, തൊട്ടുപിന്നിലായി വെസ്റ്റ് സ്വിന്‍ഡന്‍, ടൗണ്‍ സെന്റര്‍, ഡിവൈസസ് എന്നിവര്‍. ഏറെ വ്യത്യസ്തവും മികച്ച നിലവാരവും തികഞ്ഞ പ്രൊഫഷണലിസവും പുലര്‍ത്തുന്നതുമായിരുന്നു ഇത്തവണത്തെ കായികമേള.
42 വ്യക്തിഗത മത്സര ഇനങ്ങളും ആറു ഗ്രൂപ്പ് ഐറ്റംസിലുമായി 350 ഓളം മത്സാരാര്‍ത്ഥികള്‍ പങ്കെടുക്കുകയുണ്ടായി. അസോസിയേഷന്റെ വിവിധ ഏരിയകളായ, ഡിവൈസിസ്, ടൗണ്‍ സെന്റര്‍, നോര്‍ത്ത് സ്വിന്‍ഡന്‍, വെസ്റ് സ്വിന്‍ഡന്‍, ഈസ്റ്റ് സ്വിന്‍ഡന്‍ പ്രതിനിധീകരിച്ചു 700ല്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ രാവിലെ മുതല്‍ തന്നേ എത്തിച്ചേര്‍ന്നിരുന്നു. ഞായറാഴ്ച രാവിലെ എട്ടു മണിക്ക് ഫുട്ബോള്‍ മത്സരങ്ങളോടെ ആരംഭിച്ച കായികമേളയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും തുടര്‍ന്ന് ഔപചാരിക ഉദ്ഘാടനവും മത്സാരാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റോടുകൂടി നടത്തപ്പെട്ടു.
വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ അഞ്ചു ഏരിയയില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ അതാത് ഏരിയ പ്രതിനിധിയുടെ കീഴില്‍ അണിനിരന്നു. മാര്‍ച്ചു പാസ്റ്റിന്റെ ഏറ്റവും മുന്നിലായി അസോസിയേഷന്‍ ബാനര്‍ പിടിച്ച ബാലികമാര്‍ അതിന്റെ പിന്നില്‍ അസോസിയേഷന്റെ പതാകയും ഇരുവശങ്ങളിലായി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ദേശീയ പതാകകള്‍ അതിന്റെ പിന്നിലായി പര്‍പ്പിള്‍ നിറത്തില്‍ ഡിവൈസസ്, മഞ്ഞ നിറത്തില്‍ നോര്‍ത്ത് സ്വിന്‍ഡന്‍, പച്ച നിറത്തില്‍ വെസ്റ്റ് സ്വിന്‍ഡന്‍, ചുവപ്പു നിറത്തില്‍ ടൗണ്‍ സെന്റര്‍ ഏറ്റവും ഒടുവിലായി കായിക മത്സരങ്ങള്‍ക്ക് ആതിഥ്യമരുളിയ ഈസ്റ്റ് സ്വിന്‍ഡന്‍ നീല നിറത്തില്‍, ഈ ക്രെമത്തില്‍ നടന്ന മാര്‍ച്ച്പാസ്റ് ഏറെ അച്ചടക്കത്തോടും ചിട്ടയോടും കൂടിയാണ് നടത്തപ്പെട്ടത്.
കായികമേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ ജെയ്‌മോന്‍ ചാക്കോ അധ്യക്ഷത വഹിച്ചു.
ഇത്തവണത്തെ കായികമാമാങ്കത്തിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതിലൂടെ വലിയ പ്രതീക്ഷയും കൂടുതല്‍ താരങ്ങളെ വരും കാലങ്ങളില്‍ സൃഷ്ടിക്കുമെന്നതിന്റെ നേര്‍കാഴ്ചയാണ് ഇത്തവണത്തെ മികച്ച ജനപങ്കാളിത്തമെന്നു ജെയ്‌മോന്‍ ചാക്കോ സംസാരിക്കുകയുണ്ടായി.
ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിച്ച് സന്തോഷവും സമാധാനവും ആരോഗ്യപൂര്‍ണവുമായ ഒരു ജീവിത ക്രമത്തിന് രൂപം കൊടുക്കുകയും അങ്ങനെ ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുന്നതിനും ആരോഗ്യകരമായ മത്സരത്തിലൂടെ വിജയം കരസ്ഥമാക്കുന്നതോടൊപ്പം
ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാനുള്ള പ്രവര്‍ത്തനത്തില്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം എന്ന് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സെക്രട്ടറി പ്രദീഷ് ഫിലിപ്പ് സംസാരിച്ചു.
വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എക്കാലവും സമസ്ത മേഖലകളിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന യുകെയിലെ തന്നെ മികച്ച അസ്സോസിയേഷനുകളില്‍ ഒന്നാണെന്നും ശരീരവും മനസ്സും ആരോഗ്യകരമായിരിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും അതിനാല്‍ നിത്യ ജീവിതത്തില്‍ കായികാഭ്യാസം നമുക്കോരോരുത്തര്‍ക്കും അത്യന്താപേക്ഷിതമാണെന്നും അതിനാല്‍ ഇത്തരം കായികമേളകളില്‍ വിജയിക്കുക എന്നതിലുപരി പങ്കെടുക്കുക എന്നതാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പ്രിന്‍സ്‌മോന്‍ മാത്യു കായികമേള ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിസംബോധന ചെയ്തു.
മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷനും റാഫിള്‍ ടിക്കറ്റ് ഏകോപനവും സമ്മാനദാനവും ട്രഷറര്‍ സജി മാത്യു, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അഗസ്റ്റിന്‍ ജോസഫ് (പാപ്പച്ചായന്‍) എന്നിവര്‍ നിര്‍വഹിച്ചു. റാഫിള്‍ വിജയികള്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി. വില്‍ഷെയര്‍ മലയാളി ആസോസിയേഷന്റെ വരും നാളുകളിലെ കര്‍മ്മപദ്ധതിയും വടം വലി, വള്ളംകളി തുടങ്ങി വിവിധ കായികമേളകള്‍ക്ക് പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും സ്പോര്‍ട്സ് ലീഡ് ജോര്‍ജ് കുര്യാക്കോസ് സംസാരിച്ചു.
കായികമാമാങ്ക വേദിയിലെ വിവിധ ഐറ്റംസ് സിന്റെ പൂര്‍ണമേല്‍നോട്ടം ഡബ്ല്യുഎംഎ സ്പോര്‍ട്സ് കോര്‍ഡിനേറ്റേഴ്സ് ജിന്‍സ് ജോസഫും ജോബി ജോസ്ഫും കൃത്യമായി നിര്‍വഹിച്ചു. വിവിധ ഇനങ്ങള്‍ ഒരേ സമയത്തു നടത്തിയതിലൂടെ ഓരോ കമ്മറ്റി അംഗങ്ങളും ചിട്ടയായും സമയബന്ധിതമായും പരിപാടികള്‍ ഏകീകരിച്ചു. കമ്മിറ്റി അംഗങ്ങളായ മാത്യു കുര്യാക്കോസ്, സജി ജോര്‍ജ്, ലൂക്കോസ് തൊമസ്, ജോസ് ഞാളിയന്‍, ജോസഫ് ജോസ് (മനു), രാജേഷ് നടേപ്പിള്ളി, സിസി ആന്റണി, മെല്‍വിന്‍ മാത്യു, അഞ്ജന സുജിത്, ഗീതു അശോകന്‍ എന്നിവരുടെ കൂട്ടായ പ്രയത്നമാണ് കായികമേള വന്‍ വിജയമായതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ ഘടകം.
ഏതു തരത്തിലുള്ള മെഡിക്കല്‍ സാഹചര്യത്തെയും നേരിടാന്‍ തയ്യാറായി ആറംഗങ്ങളുള്ള മെഡിക്കല്‍ ടീം സര്‍വ സജ്ജമായിരുന്നു. വിവിധ ഏരിയകളില്‍ നിന്നുള്ള പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരം, വോളിബോള്‍ മത്സരങ്ങള്‍ എന്നിവ സ്പോര്‍ട്സ് ഡേയുടെ തിളക്കം വര്‍ധിപ്പിച്ചു. കൂട്ടായ പ്രയത്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും ഒത്തൊരുമയുടെയും ഫലമാണ് സ്പോര്‍ട്സ് ഡേ യുടെ ഈ വന്‍ വിജയമെന്നും ഇനിയുള്ള ഓരോ പരിപാടികളും ഏറെ മനോഹരമാക്കുവാന്‍ അസോസിയേഷനിലെ എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും നന്ദി പ്രസംഗത്തില്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സോണി കാച്ചപ്പിള്ളി അഭിപ്രായപ്പെട്ടു. |