Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
രാത്രി പന്ത്രണ്ടര വരെ ജോലി, ഇതുവേണ്ട, ഉപേക്ഷിക്കാന്‍ മകളോട് പറഞ്ഞതാണ്
reporter

കൊച്ചി: മകളോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി, അമിത ജോലിഭാരത്തെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തില്‍ മരിച്ച യുവതി അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫ്. മകള്‍ക്ക് രാത്രി 12.30 വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മകളോട് ജോലി ഉപേക്ഷിക്കാന്‍ ഉപദേശിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ എക്സ്പോഷര്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി മകള്‍ മടിക്കുകയാണ് ചെയ്തതെന്നും സിബി ജോസഫ് പറഞ്ഞു. കടുത്ത ജോലി സമ്മര്‍ദ്ദം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ലെന്നും സിബി ജോസഫ് കുറ്റപ്പെടുത്തി. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20 നാണ് അന്ന സെബാസ്റ്റ്യന്‍ (26) താമസസ്ഥലത്ത് വച്ച് കുഴഞ്ഞുവീണ് മരിച്ചത്. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ഏണസ്റ്റ് ആന്‍ഡ് യങ് രംഗത്തെത്തി. അന്ന സെബാസ്റ്റ്യന്റെ അകാല വേര്‍പാടില്‍ അതിയായ ദുഃഖമുണ്ട്. കമ്പനിയുടെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ ആരോഗ്യകരമായ ജോലി ക്രമീകരണം ഉറപ്പുവരുത്തുമെന്ന് കമ്പനി വ്യക്തമാക്കി. അന്നയുടെ മരണത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അനുശോചിച്ചു. അമിത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് യുവാക്കള്‍ കുഴഞ്ഞു വീണു മരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. കമ്പനി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും അജിത് പവാര്‍ പറഞ്ഞു.

നവംബര്‍ 23ന് ചാര്‍ട്ടേഡ് അക്കൗണ്‍ന്റ് പരീക്ഷ പാസായ ശേഷം മാര്‍ച്ച് 19നാണ് അന്ന സെബാസ്റ്റ്യന്‍ പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചേരുന്നത്. മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്ന് അന്നയുടെ അമ്മ പറഞ്ഞു. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനി അധികൃതര്‍ കഴിഞ്ഞ ദിവസം അന്നയുടെ കളമശ്ശേരി കങ്ങരപ്പടിയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു.

 
Other News in this category

 
 




 
Close Window