ചങ്ങനാശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിനെയും തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ പുതിയ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സിറോമലബാര്‍ സഭയുടെ 32-ാമത് സിനഡ് സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. സിനഡ് അംഗങ്ങളുടെ തീരുമാനങ്ങള്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പാ അംഗീകരിച്ചതോടെയാണ് പുതിയ നിയമനങ്ങള്‍ ഇന്ന് നിലവില്‍ വന്നത്.
ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് പെരുംതോട്ടം 75 വയസ് പൂര്‍ത്തിയായതോടെ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ നിയമിതനായത്. 1972 ഫെബ്രുവരി 2ന് ജനിച്ച മാര്‍ തോമസ് തറയില്‍, 2000, ജനുവരി മാസം ഒന്നാം തീയതി വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് വിവിധ ഇടവകകളില്‍ സഹ വികാരിയായും, വികാരിയായും സേവനം അനുഷ്ഠിച്ച അദ്ദേഹം, റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തു വരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ തോമസ് തറയില്‍. |