Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 04th Oct 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഇങ്ങനയൊക്കെയാണോ സിനിമയില്‍ അവസരം കിട്ടിയത്? സംശയം ഒഴിവാക്കപ്പെടണം
By Editor, Ukmalayalam Pathram
മലയാള ഭാഷയില്‍ ആദ്യമായി ഒരു സിനിമ റിലീസായത് 1930ലാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ചലച്ചിത്രം തയാറാക്കാന്‍ പിന്നെയും എട്ടു വര്‍ഷം വേണ്ടി വന്നു. 2024ല്‍ എത്തി നില്‍ക്കുന്ന മലയാള സിനിമയുടെ ചരിത്രം ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നുവെന്നു ചുരുക്കം. വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന ആളുകളോടുള്ള മലയാളികളുടെ ഇഷ്ടത്തിനും ആരാധനയ്ക്കും ഇതേ നൂറു വയസ്സു പ്രായം.
താരങ്ങളെന്നാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാ പ്രവര്‍ത്തകരെ മലയാളികള്‍ വിളിക്കുന്നത്. ആകാശത്തെ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നവരാണ് സിനിമാ അഭിനേതാക്കളെന്നു വിവക്ഷ. നടനെ, നടിയെ അടുത്തു കാണാനും അവരോടൊപ്പം നിന്നു ഫോട്ടോ എടുക്കാനും അതു മറ്റുള്ളവരെ കാണിച്ച് അഭിമാനിക്കാനും ആളുകള്‍ ഇഷ്ടപ്പെടുന്നു. സിനിമയുടെ പിന്നാമ്പുറത്ത് സംഭവിക്കുന്ന ദുരനുഭവങ്ങളെ കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തും വരും വരെ മലയാളികളുടെ താരാരാധന തിളക്കമുള്ളതായിരുന്നു. പക്ഷേ, ഇപ്പോള്‍ താരങ്ങളുടെ തിളക്കം മങ്ങി. താരപ്പൊലിമയുടെ പിന്നാമ്പുറത്ത് സംഭവിക്കുന്നത് ഇതൊക്കെയാണോ എന്നൊരു ചോദ്യം ഉയര്‍ന്നു.
ഓരോ നടനും നടിയും സ്‌ക്രീനില്‍ എത്തുന്നതിനു മുന്‍പ് നമ്മളില്‍ ഒരാളായിരുന്നു. അവര്‍ ഓരോരുത്തരും നമുക്കിടയില്‍ നിന്നു ക്യാമറയ്ക്കു മുന്നിലെത്തിയവരാണ്. അവരില്‍ കുറച്ചു പേര്‍ അഭിനയ ശേഷിയിലൂടെ കഥാപാത്രങ്ങളെ അനശ്വരമാക്കി, പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു. അവര്‍ അപ്പോഴും വ്യക്തിപരമായി നമുക്കിടയില്‍ ജീവിച്ചവര്‍ തന്നെയാണ്. അവരില്‍ നിന്നു മോശം പ്രവര്‍ത്തികള്‍ നേരിട്ടാല്‍ ഒട്ടും സമയം വൈകാതെ നിയമപരമായ നടപടി സ്വീകരിക്കണം. അതിനു തയാറാകാതിരുന്നതാണ് സിനിമാ മേഖലയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ മൂലകാരണം.
സിനിമ ഒരു കലാവേദി മാത്രമാണ്. കൂടുതല്‍ പ്രതിഫലവും കൂടുതല്‍ പ്രശസ്തിയും അഭിനേതാക്കള്‍ക്ക് കിട്ടുന്നു. ആ ഒരൊറ്റ കാരണംകൊണ്ടു മാത്രമാണു സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങുന്നതെങ്കില്‍ എന്തെല്ലാം സംഭവിക്കുമെന്ന് സ്വയം ചിന്തിക്കേണ്ട അവസരം ഇതാണ്. കലാപ്രതിഭ തെളിയിക്കാന്‍ ആരുടേയും മുന്നില്‍ തലകുനിക്കേണ്ടതില്ലെന്നാണു പറയുന്നത്. സിനിമാ മേഖലയിലെ സ്ത്രീകളില്‍ ഒരു വലിയ ഭാഗം ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അതു ശരിവയ്ക്കുംവിധം നിരവധി യുവതികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന് ആരോപണവുമായി രംഗത്തു വന്നു.
'അഭിനയിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യണം. നടന്മാര്‍ മുതല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരെ സ്ത്രീകളെ ചൂഷണം ചെയ്യുന്നു. കിടക്ക പങ്കിട്ടില്ലെങ്കില്‍ സിനിമയില്‍ നിന്നു പുറത്താകുന്നു. ഇഷ്ടങ്ങള്‍ക്ക് നിന്നു കൊടുത്തില്ലെങ്കില്‍ കരാറില്‍ ഏര്‍പ്പെട്ട സിനിമകളില്‍ നിന്നു നീക്കം ചെയ്യപ്പെടുന്നു. ഹോട്ടല്‍ മുറിയില്‍, ലൊക്കേഷനില്‍, വാഹനത്തില്‍ എല്ലായിടത്തും പീഡനം' ഇങ്ങനെയൊക്കെയാണ് ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇത്തരം ആരോപണങ്ങളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. സങ്കടത്തിന്റെ കടല്‍ അവര്‍ തുറന്നു വിടുന്നു. അതു ടിവി ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇക്കിളി കഥകളായി സംപ്രേഷണം ചെയ്യുന്നു.
ഒരു യുവ നടിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിനുള്ളില്‍ വച്ചു പീഡിപ്പിച്ച കേസില്‍ ഇപ്പോഴും അന്തിമ വിധി വന്നിട്ടില്ല. അതിനു ശേഷം ചലച്ചിത്ര മേഖലയിലെ കുറച്ചു സ്ത്രീകള്‍ ചേര്‍ന്നു രൂപീകരിച്ച അഭിനേത്രികളുടെ സംഘടന നടത്തിയ ദീര്‍ഘ കാലത്തെ പ്രയത്‌നം പിന്നീട് സിനിമാ മേഖലയില്‍ വലിയ കോലാഹലങ്ങളുണ്ടാക്കി. ഒടുവില്‍, സര്‍ക്കാര്‍ ഒരു കമ്മീഷനെ വച്ച് സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നു പുറത്തു വന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സ്വന്തം ദുരനുഭവങ്ങള്‍ സിനിമാ മേഖലയില്‍ പീഡനം നേരിട്ട യുവതികള്‍ തുറന്നു പറഞ്ഞത്. സംവിധായകനും നടനും മറ്റു പിന്നണി പ്രവര്‍ത്തകരുമൊക്കെയാണ് പ്രതി സ്ഥാനത്ത് ആരോപിക്കപ്പെട്ടിട്ടുള്ളത്. അത് ആരെല്ലാമെന്നു പേരു പറയാതെയുള്ള ആരോപണങ്ങള്‍ മലയാളികള്‍ക്ക് സിനിമയോടുള്ള മതിപ്പ് നഷ്ടപ്പെടുത്തിയെന്നു പറയേണ്ടിയിരിക്കുന്നു. സിനിമാക്കാരെല്ലാവരും അര്‍ധരാത്രിയില്‍ നടിമാരുടെ വാതിലില്‍ മുട്ടുന്നവരാണെന്നുള്ള കമന്റുകള്‍ പ്രചരിച്ചിരിക്കുന്നു. കുറ്റവാളികളാണു ശിക്ഷിക്കപ്പെടേണ്ടത്. തെറ്റു ചെയ്തവര്‍ക്കു നേരേയാണു വിരല്‍ചൂണ്ടേണ്ടത്. പേരുവിവരങ്ങള്‍ വ്യക്തമാക്കാതെയുള്ള ആരോപണം നിരപരാധികളുടേയും അന്തസ്സിനു കളങ്കമായിത്തീരും.
താര സംഘടനയിലെ ഭാരവാഹികള്‍ക്കു നേരേയാണ് ആരോപണമുണ്ടായത്. ഓരോരുത്തരായി സ്ഥാനം രാജിവച്ചു. അതോടെ പ്രേക്ഷകരുടെ മനസ്സില്‍ കേട്ടതെല്ലാം ശരിയെന്നുള്ള ഇമേജ് ഉണ്ടായി. സംഘടന ഒന്നടങ്കം പിരിച്ചുവിട്ട് പ്രസിഡന്റും രാജി പ്രഖ്യാപിച്ചതോടെ ആരൊക്കെയാണു കുറ്റക്കാര്‍ ആരൊക്കെയാണ് നല്ല നടന്മാരെന്നുള്ള കണ്‍ഫ്യൂഷന്‍ മലയാളികള്‍ക്കുണ്ടായി. അതിന്റെ കറ ഇനി തേച്ചാലും മായ്ച്ചാലും പോകില്ല.
കുറ്റ ചെയ്തവര്‍ക്കു നേരേയുള്ള അന്വേഷണം നടക്കട്ടെ. കുറ്റം ചെയ്യാത്തവര്‍ വീണ്ടും സിനിമയില്‍ കൂടുതല്‍ മികവോടെ തിളങ്ങട്ടെ. അതേസമയം, ഇനിയാരും സിനിമയുടെ പേരില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകരുത്. സാമ്പത്തികമായി കബളിപ്പിക്കപ്പെടരുത്. തക്കതായ കാരണമില്ലാതെ സിനിമയില്‍ നിന്നു നീക്കം ചെയ്യപ്പെടരുത്. തെറ്റു ചെയ്യാതെ വിലക്കപ്പെടരുത്. ആത്മാര്‍ഥതയോടെ, അഭിനയ മോഹവുമായി എത്തുന്നവര്‍ കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കപ്പെടരുത്. സംഘടനയുടെ പുതിയ ഭാരവാഹികളായി വരുന്നവര്‍ ഇക്കാര്യം ആപ്തവാക്യമായി സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഇതാണോ സിനിമ, ഇതായിരുന്നല്ലേ ക്യാമറയ്ക്കു പിന്നില്‍ സംഭവിച്ചത്, ഇങ്ങനയൊക്കെയാണോ സിനിമയില്‍ അവസരം കിട്ടുന്നത് എന്നൊരു സംശയം പ്രേക്ഷക മനസ്സുകളില്‍ നിലനില്‍ക്കും.
 
Other News in this category

 
 




 
Close Window