ഡബ്ലിന്‍: അനുവദനീയമായതിലും അധികം വേഗത്തില്‍ റോഡുകളില്‍ വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കി അയര്‍ലന്‍ഡ് പൊലീസ് സേനയായ 'ഗാര്‍ഡ' രംഗത്ത്. അയര്‍ലന്‍ഡിലെ വിവിധ റോഡുകളില്‍ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് ക്യാംപെയ്‌ന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഗാര്‍ഡ ഓപ്പറേഷന്‍ ഇന്ന് രാവിലെ 7 വരെ നീണ്ടുനിന്നു. ക്യാംപെയ്‌ന്റെ ഭാഗമായി ആദ്യ 48 മണിക്കൂറില്‍ 600ല്‍പ്പരം ഡ്രൈവര്‍മാര്‍ വേഗത ലംഘിച്ചതായി കണ്ടെത്തി. ഇവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ ഉണ്ടാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കേണ്ട റോഡില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ ഓടിയവരും 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കേണ്ട റോഡില്‍ 116 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്തവരും ധാരാളമായി വേഗത ലംഘിച്ച് ശിക്ഷാ നടപടികള്‍ക്ക് വിധേയരാവരില്‍ ഉള്‍പ്പെടുമെന്ന് ഗാര്‍ഡ അറിയിച്ചു.
മദ്യവും ലഹരിമരുന്നും കഴിച്ച് വാഹനമോടിച്ചതിന് 63 പേരാണ് അറസ്റ്റിലായത്. റോഡുകളില്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ഥിച്ചു. M6 ല്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കേണ്ട റോഡില്‍ 206 കിലോമീറ്റര്‍ വേഗതയിലും N5 ല്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കേണ്ട റോഡില്‍ 190 കിലോമീറ്റര്‍ വേഗതയിലും സഞ്ചരിക്കുന്ന കാറുകള്‍ റോഡ്സ് പൊലീസിങ് യൂണിറ്റ് തടഞ്ഞതായി ഗാര്‍ഡ അറിയിച്ചു. ഇവരുടെ കാറുകള്‍ കസ്റ്റഡിയിലെടുത്ത ശേഷം കോടതി നടപടികള്‍ തുടരും. വാരാന്ത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകടം സംഭവിക്കുന്ന സമയം ഉച്ചയ്ക്ക് 12നും 3നും ഇടയിലാണെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്ന് പേരാണ് അയര്‍ലന്‍ഡിലെ റോഡുകളില്‍ മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ കാര്‍ലോയിലെ എന്‍ 80ല്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചിരുന്നു. നോര്‍ത്ത് ഡബ്ലിനിലെ ബ്ലേക്‌സ് ക്രോസിന് സമീപം മൂന്ന് വാഹനങ്ങള്‍ ഇടിച്ച് 60 വയസ്സുള്ള ഒരാളും മരിച്ചു. ഈ വര്‍ഷം ഇതുവരെ അയര്‍ലന്‍ഡിലെ റോഡപകടങ്ങളില്‍ 14 പേര്‍ മരിച്ചതായി ഗാര്‍ഡ അറിയിച്ചു. അയര്‍ലന്‍ഡില്‍ വാഹനങ്ങളുടെ വേഗപരിധി 100ല്‍ നിന്ന് 80 ആയും 80ല്‍ നിന്ന് 60ആയും ചില സ്ഥലങ്ങളില്‍ ഫെബ്രുവരി 7 മുതല്‍ കുറയ്ക്കുവാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. കൂടുതല്‍ വേഗ നിയന്ത്രണങ്ങള്‍ മിക്ക റോഡുകളിലും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.