പാരിസ്: സുസ്ഥിരവും എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതുമായ നിര്‍മിതബുദ്ധിയുടെ വികാസത്തിന് ആഹ്വാനം ചെയ്യുന്ന പാരിസ് എഐ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ ഒപ്പിടാതെ അമേരിക്കയും ബ്രിട്ടനും.സുരക്ഷിതവും നീതിയുക്തവും സുതാര്യവുമായി എഐ സാങ്കേതികവിദ്യയെ മുന്നോട്ടുനയിക്കണമെന്നാണ് പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെടുന്നത്. എന്തുകൊണ്ട് കരാറില്‍ ഒപ്പിട്ടില്ലെന്ന് ഇരു രാജ്യവും വ്യക്തമാക്കിയിട്ടില്ല. വ്യവസ്ഥകളില്‍ എതിര്‍പ്പുണ്ടെന്ന് അമേരിക്ക അറിയിച്ചിരുന്നു.അതേസമയം എഐ സംരംഭങ്ങളെ യൂറോപ്പിലേക്ക് സ്വാഗതം ചെയ്ത ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അമേരിക്ക ഊര്‍ജത്തിനായി ഫോസില്‍ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നതിനെ പരിഹസിച്ചു.ആണവോര്‍ജത്തിനെ ആശ്രയിക്കുന്നതിനാല്‍ എഐ സംരംഭങ്ങളുടെ ശക്തികേന്ദ്രമായി യൂറോപ്പും ഫ്രാന്‍സും മാറുമെന്നും മക്രോണ്‍ ഉച്ചകോടിയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയില്‍ പങ്കെടുത്തു.