ലണ്ടന്‍: മുംബൈയില്‍ നിന്നും ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷണം പോയ സംഭവത്തില്‍ ബൈക്ക് യാത്രികന് പിന്തുണയുമായി യുകെയിലെയും ഇന്ത്യയിലെയും ബൈക്ക് യാത്രക്കാരുടെ സമൂഹം. പുതിയ ബൈക്ക് ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളാണ് യോഗേഷ് അലേകാരിക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 31നാണ് യോഗേഷ് അലേകാരിക്ക് യുകെയില്‍ ബൈക്ക് നഷ്ടമായത്. മുംബൈ ടു ലണ്ടന്‍ ബൈക്ക് യാത്രയില്‍ ലണ്ടനില്‍ എത്തിയ ശേഷം നോട്ടിങ്ങാമിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച് വോളട്ടണ്‍ പാര്‍ക്കില്‍ പ്രഭാതഭക്ഷണത്തിനായി നിര്‍ത്തിയപ്പോഴാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് നോട്ടിങ്ങാം പൊലീസ് കേസ് എടുത്ത് ഊര്‍ജിതമായ അന്വേഷണം നടത്തി വരികയാണ്. നിരവധി ബൈക്ക് മോഷ്ടാക്കളെ അന്വേഷണത്തിനിടയില്‍ പൊലീസ് കണ്ടെത്തിയെങ്കിലും ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മോഷണത്തിന് മുമ്പ് തന്റെ കെടിഎം 390 അഡ്വഞ്ചര്‍ മോട്ടോര്‍ബൈക്കില്‍ 17ലധികം രാജ്യങ്ങളില്‍ സഞ്ചരിച്ചിരുന്നുവെന്ന് 33 വയസ്സുകാരനായ യോഗേഷ് അലോകാരി പറഞ്ഞു. തുടര്‍ന്നുള്ള യാത്രയ്ക്ക് ബൈക്ക് ഇല്ലാത്തതിന്റെ ദുഃഖത്തില്‍ ഇരിക്കുമ്പോള്‍ പുതിയ ബൈക്കും വസ്ത്രങ്ങളും ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ ലഭിക്കുന്നത് ബൈക്ക് യാത്രകളെ സ്‌നേഹിക്കുന്ന മനുഷ്യരുടെ നന്മ കൊണ്ടാണെന്നും യോഗേഷ് അലോകാരി കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ പോകുന്നു' എന്ന് പറഞ്ഞുകൊണ്ട് ബ്രിട്ടിഷ് പൗരന്മാരില്‍ നിന്നും ബൈക്കര്‍മാരില്‍ നിന്നും എനിക്ക് ധാരാളം സന്ദേശങ്ങള്‍ ലഭിച്ചുവെന്നും യോഗേഷ് അലോകാരി പറഞ്ഞു. ലോങ് വേ ഹോം ടിവി സീരീസിന് പിന്നിലെ നടന്‍ ഇവാന്‍ മക്‌ഗ്രെഗറും ടിവി അവതാരകന്‍ ചാര്‍ലി ബൂര്‍മാന്‍ നേതൃത്വം നല്‍കുന്ന പ്രൊഡക്ഷന്‍ കമ്പനിയും യോഗേഷിന് സഹായം വാഗ്ദാനം ചെയ്ത അഭ്യുദയകാംക്ഷികളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലെ യോഗേഷിന്റെ പോസുറ്റുകള്‍ക്ക് മറുപടി നല്‍കിയായിരുന്നു മിക്ക പ്രതികരണങ്ങളും. തന്റെ ബൈക്ക് പൊലീസിന് വീണ്ടെടുക്കാനാകുമോ എന്ന് കാത്തിരിക്കുകയാണെന്ന് യോഗേഷ് അലേകാരി സഹായ വാഗ്ദാനങ്ങളോട് പ്രതികരിച്ചു.