ലണ്ടന്‍: യുകെയിലെ അഞ്ച് ന്യൂനപക്ഷ സമൂഹങ്ങളില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 70 ശതമാനം പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വംശം, വംശീയ പശ്ചാത്തലം, മതം എന്നിവയുടെ പേരില്‍ അന്യായമായ പെരുമാറ്റം നേരിട്ടതായി അറിയിച്ചു. വംശീയ വിവേചനം അനുഭവിച്ചവരില്‍ 75 ശതമാനം പേര്‍ അത് തങ്ങളുടെ മാനസികാരോഗ്യത്തെ ഏതെങ്കിലും വിധത്തില്‍ ബാധിച്ചതായും പറഞ്ഞു. മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്റെ പഠനത്തിനായി യുഗവ് നടത്തിയ സര്‍വേയില്‍ ഇന്ത്യന്‍, പാകിസ്ഥാനി, ബംഗ്ലാദേശി, കറുത്തവര്‍ഗക്കാരായ ആഫ്രിക്കന്‍, കരീബിയന്‍ സമൂഹങ്ങളില്‍നിന്നുള്ള 2,506 മുതിര്‍ന്നവരാണ് പങ്കെടുത്തത്.
സര്‍വേയില്‍ പങ്കെടുത്ത തൊഴിലാളികളില്‍ 45 ശതമാനം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ജോലിസ്ഥലത്ത് വംശീയ വിവേചനം നേരിട്ടു. വംശത്തെയോ മതത്തെയോ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തമാശയായി അവതരിപ്പിക്കുന്നതായിരുന്നു ഏറ്റവും സാധാരണമായ അനുഭവം. ജോലി വീതിച്ചുനല്‍കുന്നതിലും സ്ഥാനക്കയറ്റത്തിലും വിവേചനം നേരിട്ടതായും ജീവനക്കാര്‍ പറഞ്ഞു. ജോലിസ്ഥലത്ത് വംശീയത അനുഭവിച്ചവരില്‍ 56 ശതമാനം പേര്‍ക്ക്, പരാതിപ്പെട്ടാല്‍ മാനവവിഭവശേഷി വിഭാഗമോ മാനേജ്മെന്റോ അത് ഗൗരവമായി പരിഗണിക്കുമെന്ന വിശ്വാസമുണ്ടായിരുന്നില്ല.
വിവേചനം നേരിട്ടവരില്‍ 42 ശതമാനം പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ക്ക് കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 57 ശതമാനം പേര്‍ കുടിയേറ്റക്കാരെയോ ന്യൂനപക്ഷങ്ങളെയോ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ ആഴ്ചതോറും സമൂഹമാധ്യമങ്ങളില്‍ കാണുന്നുണ്ടെന്ന് പറഞ്ഞു. രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ നേതാക്കളുടെ പരാമര്‍ശങ്ങള്‍ ആഴ്ചതോറും കേള്‍ക്കുന്നതായി 46 ശതമാനം പേരും അറിയിച്ചു.
ഇത്തരം അനുഭവങ്ങള്‍ ആളുകളുടെ ദൈനംദിന ജീവിതത്തിലും മാറ്റം വരുത്തുന്നുണ്ട്. വിവേചനം നേരിട്ടവരില്‍ 29 ശതമാനം പേര്‍ ചില സ്ഥലങ്ങളും യാത്രാവഴികളും ഒഴിവാക്കുകയോ ചില സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുകയോ ചെയ്യുന്നതായി പറഞ്ഞു. 24 ശതമാനം പേര്‍ വലിയ ആള്‍ക്കൂട്ടങ്ങളും പരിപാടികളും ഒഴിവാക്കുന്നതായും സര്‍വേയില്‍ രേഖപ്പെടുത്തി.