ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഫ്‌ലൂ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് ഒരാഴ്ചയ്ക്കിടെ ഏകദേശം 80 ശതമാനം ഉയര്‍ന്നു. സ്‌കൂളില്‍വച്ച് ഫ്‌ലൂ വാക്‌സിന്‍ ലഭിക്കാതെപോയ കുട്ടികള്‍ക്ക് ക്രിസ്മസിന് മുമ്പ് വാക്‌സിന്‍ നല്‍കണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു. ഇതിനായി ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ 6,000-ത്തിലധികം ഫാര്‍മസികളില്‍ സൗകര്യമുണ്ടാകും.
നവംബര്‍ 30 തിങ്കളാഴ്ച മുതല്‍ എന്‍എച്ച്എസ് ആപ്പിലൂടെയോ എന്‍എച്ച്എസ് വെബ്സൈറ്റിലെ 'Find a Pharmacy' സേവനത്തിലൂടെയോ സമയം ബുക്ക് ചെയ്യാം. സ്‌കൂളിലെ റിസപ്ഷന്‍ ക്ലാസ് മുതല്‍ ഇയര്‍ 11 വരെയുള്ള കുട്ടികള്‍ക്കാണ് ഈ സൗകര്യം. ഈ അധ്യയനവര്‍ഷം ഈ ക്ലാസുകളിലെ 35 ലക്ഷത്തിലധികം കുട്ടികള്‍ ഇതിനകം സ്‌കൂളില്‍വച്ച് ഫ്‌ലൂ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്കും പദ്ധതിയില്‍ പങ്കെടുക്കുന്ന ഫാര്‍മസികളില്‍ മൂക്കില്‍ സ്‌പ്രേയായി നല്‍കുന്ന വാക്‌സിന്‍ ലഭ്യമാണ്.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി നവംബര്‍ 26ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഇംഗ്ലണ്ടിലെ 55 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നുള്ള കണക്കില്‍ ഫ്‌ലൂ മൂലമുള്ള പ്രതിവാര ആശുപത്രിപ്രവേശന നിരക്ക് ഒരു ലക്ഷം പേരില്‍ 5.03ല്‍നിന്ന് 8.98 ആയി ഉയര്‍ന്നു. എല്ലാ പ്രായക്കാരെയും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. ഈ ദശകത്തില്‍ നവംബറിലെ ഇതേ സമയത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫ്‌ലൂ ചില കുട്ടികളില്‍ ഗുരുതരമാകാം. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് അവരെ സംരക്ഷിക്കുന്നതിനൊപ്പം മുത്തശ്ശീമുത്തശ്ശന്മാര്‍ ഉള്‍പ്പെടെ രോഗം ഗുരുതരമാകാന്‍ കൂടുതല്‍ സാധ്യതയുള്ള കുടുംബാംഗങ്ങളിലേക്ക് പകരാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് എന്‍എച്ച്എസ് അറിയിച്ചു.