ലണ്ടന്‍: ലണ്ടനിലേക്കുള്ള ട്രെയിനില്‍ പത്തുപേരെയും പീറ്റര്‍ബറോയിലും കിഴക്കന്‍ ലണ്ടനിലുമായി മറ്റുനാലുപേരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആന്റണി വില്യംസ് കുറ്റക്കാരനെന്ന് കോടതി. കേംബ്രിജ് ക്രൗണ്‍ കോടതിയില്‍ നാലാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ നവംബര്‍ 26നാണ് ജൂറി 33കാരനായ വില്യംസിനെതിരായ 14 വധശ്രമക്കുറ്റങ്ങളും ശരിവച്ചത്. ശിക്ഷ നിര്‍ണയിക്കാനുള്ള വാദം 2027 ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ നടക്കും.
2025 നവംബര്‍ ഒന്നിനാണ് ഡോണ്‍കാസ്റ്ററില്‍നിന്ന് ലണ്ടനിലേക്കു പോകുകയായിരുന്ന ട്രെയിനില്‍ ആക്രമണമുണ്ടായത്. പീറ്റര്‍ബറോയില്‍നിന്ന് ട്രെയിനില്‍ കയറിയ വില്യംസിന്റെ ആക്രമണത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരുക്കേറ്റു. ഡ്രൈവര്‍ ട്രെയിന്‍ ഹണ്ടിങ്ഡണ്‍ സ്റ്റേഷനില്‍ നിര്‍ത്തി. അവിടെവച്ച് പൊലീസ് വില്യംസിനെ അറസ്റ്റ് ചെയ്തു. ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ല. തലേന്ന് വൈകിട്ട് പീറ്റര്‍ബറോയില്‍ 14 വയസ്സുകാരനും രണ്ടുപുരുഷന്മാര്‍ക്കും നേരെയുണ്ടായ ആക്രമണവും നവംബര്‍ ഒന്നിന് പുലര്‍ച്ചെ കിഴക്കന്‍ ലണ്ടനിലെ ട്രെയിനില്‍ മറ്റൊരു കൗമാരക്കാരനു കുത്തേറ്റ സംഭവവുമാണ് മറ്റു നാല് വധശ്രമക്കുറ്റങ്ങള്‍ക്ക് ആധാരം.
ആക്രമണങ്ങള്‍ നടത്തിയതായി വില്യംസ് നേരത്തേ സമ്മതിച്ചിരുന്നു. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മറ്റുള്ളവര്‍ തന്നെ ആക്രമിക്കുമെന്ന തെറ്റായ വിശ്വാസത്തിലായിരുന്നുവെന്നുമാണ് പ്രതിഭാഗം വാദിച്ചത്. സംഭവസമയത്ത് വില്യംസ് മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെങ്കിലും സ്വന്തം പ്രവൃത്തിക്ക് ലക്ഷ്യം നിശ്ചയിക്കാനുള്ള ശേഷി ഉണ്ടായിരുന്നുവെന്ന് മനോരോഗവിദഗ്ധര്‍ കോടതിയില്‍ വിശദീകരിച്ചു. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണങ്ങളെന്ന പ്രോസിക്യൂഷന്‍ വാദം ജൂറി അംഗീകരിച്ചു.