യാര്‍ം: നോര്‍ത്ത് യോര്‍ക്ക്ഷയറിലെ യാര്‍മില്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് ദന്തഡോക്ടര്‍ പരന്‍ നിത്യാനന്ദന്‍ (36) മരിച്ച സംഭവത്തില്‍ നവംബര്‍ 30ന് ടീസൈഡ് കൊറോണര്‍ കോടതിയില്‍ ഇന്‍ക്വസ്റ്റ് ആരംഭിക്കും. ആരോഗ്യനില വഷളായപ്പോള്‍ രണ്ടുതവണ ആംബുലന്‍സ് സംഘം വീട്ടിലെത്തിയിട്ടും പരനെ ആശുപത്രിയിലേക്ക് മാറ്റാതിരുന്നതിന്റെ സാഹചര്യം ഉള്‍പ്പെടെ വ്യക്തമാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 2024 ഫെബ്രുവരി 18നാണ് പരന്‍ മരിച്ചത്.
പനിയും ജലദോഷവും അനുഭവപ്പെട്ടതിന് പിന്നാലെ ചെവിവേദന കൂടിയതോടെ ഫെബ്രുവരി 11ന് പരന്‍ അടിയന്തര ചികിത്സാകേന്ദ്രത്തിലെത്തി. പുറംചെവിയിലെ അണുബാധയാണെന്ന് കണ്ടെത്തി ആന്റിബയോട്ടിക് തുള്ളിമരുന്ന് നല്‍കി. ഫെബ്രുവരി 13ന് ഭാര്യ ക്ലെയര്‍ എന്‍എച്ച്എസ് 111 സേവനത്തില്‍ വിളിച്ച് സഹായം തേടി. അന്ന് വീട്ടിലെത്തിയ ആംബുലന്‍സ് സംഘം 40.2 ഡിഗ്രി സെല്‍ഷ്യസ് പനി രേഖപ്പെടുത്തിയെങ്കിലും പരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.
പിറ്റേന്ന് കടുത്ത തലവേദനയും കഴുത്തുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടു. വെളിച്ചം സഹിക്കാനും ബുദ്ധിമുട്ടുണ്ടായി. ആംബുലന്‍സ് സംഘം രണ്ടാമതും വീട്ടിലെത്തി. ചെവിയിലെ അണുബാധ സംശയിച്ച് കഴിക്കാനുള്ള ആന്റിബയോട്ടിക് നിര്‍ദേശിച്ചു. അന്നു രാത്രി നില വീണ്ടും വഷളായതോടെ ക്ലെയര്‍ 999ല്‍ വിളിച്ചു. മൂന്നാമതെത്തിയ സംഘമാണ് പരനെ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. നാലു ദിവസത്തിനു ശേഷം അദ്ദേഹം മരിച്ചു. ദന്തഡോക്ടര്‍ മരിച്ചു
രണ്ടു കുട്ടികളുടെ പിതാവായ പരന്‍ സ്റ്റോക്ക്ടണ്‍-ഓണ്‍-ടീസിലെ ആല്‍ഫ ഡെന്റല്‍ കെയര്‍ ഫെയര്‍ഫീല്‍ഡില്‍ 13 വര്‍ഷം ദന്തഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നു. റൂട്ട് കനാല്‍ ചികിത്സയില്‍ ബിരുദാനന്തര പഠനവും നടത്തിവരികയായിരുന്നു. ഭര്‍ത്താവിന്റെ അവസാന ദിവസങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനാണ് കുടുംബം നിയമസഹായം തേടിയതെന്ന് ക്ലെയര്‍ പറഞ്ഞു. ഡിസംബര്‍ നാലുവരെ നടക്കുന്ന ഇന്‍ക്വസ്റ്റില്‍ പരന് ലഭിച്ച ചികിത്സയും മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളും പരിശോധിക്കും.