ലണ്ടന്‍: കുടുംബ സൗഹൃദ പ്രഖ്യാപനവുമായി യുകെയിലെ ജെറ്റ്2 എയര്‍ലൈന്‍. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ സൗജന്യ സീറ്റ് പ്രഖ്യാപിച്ച് അധികൃതര്‍. ഇതോടെ രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുകെയിലെ ഏക എയര്‍ലൈന്‍ എന്ന പേരാണ് കമ്പനിക്ക് സ്വന്തമായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നാണ് രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടി യാത്രക്കാര്‍ക്കായി ഇനി മുതല്‍ യാത്രയ്ക്ക് പണം നല്‍കേണ്ടതില്ലെന്ന് വിമാന കമ്പനി പ്രഖ്യാപിച്ചത്. യൂറോപ്പിലുടനീളവും കാനറീസ്, മെഡിറ്ററേനിയന്‍ സര്‍വീസുകളിലുമാണ് രണ്ട് വയസ്സില്‍ താഴെയുള്ള കുരുന്നുകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്. നിലവില്‍ ജെറ്റ്2 വിന്റെ അവധിക്കാല യാത്രാ പാക്കേജില്‍ മാത്രമാണ് രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിമാന യാത്ര അനുവദിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ അവധിക്കാല പാക്കേജില്‍ മാത്രമല്ല മറ്റ് യാത്രകളിലും യാത്ര സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനം യുകെയിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് യൂറോപ്പ് യാത്രകളില്‍ ആശ്വാസമാകും. യുകെയിലെ മറ്റ് എയര്‍ലൈനുകളില്‍ വച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ് മുതിര്‍ന്നവരുടെ ടിക്കറ്റില്‍ നിന്ന് നിശ്ചിത ശതമാനം തുക രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഈടാക്കുന്നുണ്ട്. ഈസി ജറ്റ്, റയാന്‍ എയര്‍ എന്നിവ 25 പൗണ്ട് ആണ് ഈടാക്കുന്നത്.
എന്തൊക്കെ ആനുകൂല്യങ്ങള്‍?
ഒരേ ബുക്കിങ്ങില്‍ രണ്ട് വയസ്സില്‍ താഴെയുളള ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ ഓരോ കുട്ടിക്കും കുറഞ്ഞത് ഒരു മുതിര്‍ന്നയാളെങ്കിലും ഒപ്പമുണ്ടായിരിക്കണം.
കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ മടിയില്‍ അല്ലെങ്കില്‍ കാര്‍ സീറ്റിനൊപ്പം ഒരു അധിക സീറ്റ് ബുക്ക് ചെയ്യാം.
രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 10 കിലോ അധിക ബാഗേജും അനുവദിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് പ്രത്യേകമായി ബാഗേജ് തയാറാക്കേണ്ടതില്ല. ഒപ്പമുള്ള മുതിര്‍ന്നവര്‍ക്ക് തങ്ങളുടെ 22 കിലോ ബാഗേജിനൊപ്പം കുട്ടികളുടെ പേരിലുള്ള 10 കിലോ അധികമായി സൗജന്യമായി തന്നെ കൊണ്ടുപോകാം.
മടക്കാവുന്ന പുഷ്ചെയര്‍, പ്രാം, ബഗ്ഗി, കാര്‍ സീറ്റ് അല്ലെങ്കില്‍ ബൂസ്റ്റര്‍ സീറ്റ്, ബേബി കാരിയര്‍ അല്ലെങ്കില്‍ ട്രാവല്‍ കോട്ട് എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണം ഒരു കുട്ടിയുടെ ബാഗേജിനൊപ്പം സൗജന്യമായി കൊണ്ടുപോകാം, ഈ ഇനങ്ങള്‍ക്ക് 10 കിലോഗ്രാം ഭാര പരിധി ഇനി ബാധകമല്ല.
കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കും വേണ്ടിയുള്ള ഉപകരണങ്ങള്‍ കൊണ്ടുപോകുന്ന ഫീസ് ഇനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടികളുടെ പേരിലാണെങ്കില്‍ ഇവയ്ക്ക് അധിക ലഗേജ് ഫീസ് ഈടാക്കില്ല.