Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ആധാറിന്റെ മാതൃകയില്‍ ഡിജിറ്റല്‍ ഐഡി പദ്ധതി ആലോചനയില്‍; നന്ദന്‍ നിലേകനിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
reporter

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആധാര്‍ സംവിധാനത്തിന്റെ മാതൃകയില്‍ യുകെ പൗരര്‍ക്കായി ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്‍ഫോസിസ് സഹസ്ഥാപകനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ചെയര്‍മാനുമായ നന്ദന്‍ നിലേകനിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് പദ്ധതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.

പദ്ധതിക്ക് ഇന്‍ഫോസിസുമായി വാണിജ്യപരമായ ബന്ധമില്ലെന്നും, യുകെ സര്‍ക്കാര്‍ സ്വന്തം പതിപ്പ് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്റ്റാര്‍മറിന്റെ വക്താവ് വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ബയോമെട്രിക് ഡാറ്റ ഉപയോഗിക്കാനുള്ള പദ്ധതിയില്ലെന്നും വക്താവ് വ്യക്തമാക്കി.

യുകെയില്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ക്കുള്ള പൊതുജന പിന്തുണ കുറവാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പദ്ധതിയെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഐഡി സംവിധാനം വിജയകരമായി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ പദ്ധതിയിലേക്ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 'ഇന്ത്യ ഇതിനകം ഐഡി പൂര്‍ത്തിയാക്കി അതില്‍ വന്‍ വിജയം നേടി. അതിനാല്‍ ഞാന്‍ നടത്തുന്ന മീറ്റിങ്ങില്‍ ഐഡിയെക്കുറിച്ചാണ്,' എന്ന് സ്റ്റാര്‍മര്‍ മുംബൈയിലേക്ക് പോകുന്നതിനു മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞു.

2025 സെപ്റ്റംബറില്‍, യുകെയിലെ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും ജോലി ലഭിക്കാന്‍ നിര്‍ബന്ധിത ഡിജിറ്റല്‍ ഐഡി കാര്‍ഡ് ആവശ്യമായി വരുമെന്ന് സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നു. അനധികൃത കുടിയേറ്റം കുറയ്ക്കാനും പൊതുസേവനങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാനും ഈ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡി ഇല്ലെങ്കില്‍ യുകെയില്‍ ജോലി ചെയ്യാന്‍ കഴിയില്ല. അത്ര ലളിതമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടനില്‍ സാധാരണ പൗരന്മാര്‍ക്ക് നിര്‍ബന്ധിത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. അത്തരമൊരു ഐഡി വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറ്റമാണെന്നും സ്വകാര്യതയെ ബാധിക്കുമെന്നും വിമര്‍ശനങ്ങളുണ്ട്. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ബയോമെട്രിക് ഐഡി കാര്‍ഡുകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window