മുംബൈ: നിലവില്‍ 5600 കോടി യുഎസ് ഡോളറാണ് ഇന്ത്യ-യുകെ ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം. ഇത് അടുത്ത അഞ്ച് വര്‍ഷത്തിനകം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മുംബൈയില്‍ നടന്ന ആഗോള ഫിന്‍ടെക് ഫെസ്റ്റില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനൊപ്പം സിഇഒമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഒന്‍പത് ബ്രിട്ടിഷ് സര്‍വകലാശാലകള്‍ ക്യാംപസുകള്‍ സ്ഥാപിക്കുമെന്ന് മോദി അറിയിച്ചു. ഇന്ത്യയ്ക്കു മിസൈലുകള്‍ കൈമാറുന്നതിന് 35 കോടി പൗണ്ടിന്റെ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചതായും അദ്ദേഹം വ്യക്തമാക്കി.
ജൂലൈയില്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ രണ്ട് രാജ്യങ്ങളുടെയും ജനങ്ങള്‍ക്ക് പുരോഗതിയിലേക്ക് വഴിയൊരുക്കുന്ന മാര്‍ഗരേഖയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, ഊര്‍ജം, ധനകാര്യ മേഖലകളില്‍ നിക്ഷേപം സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി.
- വ്യവസായങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും കരാറിന്റെ ഗുണം ലഭിക്കും
- ഇറക്കുമതിച്ചെലവ് കുറയും
- തൊഴിലവസരങ്ങള്‍ വര്‍ധിക്കും
- ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഗുണം ലഭിക്കും
- ആഗോള പ്രതിസന്ധിക്കിടെ ഇരുരാജ്യങ്ങളുടെയും ബന്ധം സാമ്പത്തിക പുരോഗതിക്ക് നെടുംതൂണാകും
കഴിഞ്ഞ ദശകത്തിലെ സാങ്കേതികവല്‍ക്കരണം ഇന്ത്യയെ അതിവേഗം സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന സമൂഹമാക്കി മാറ്റിയതായും, യുപിഐ വഴി പ്രതിമാസം 25 ലക്ഷം കോടി രൂപയുടെ 2000 കോടി ഇടപാടുകള്‍ നടക്കുന്നതായും മോദി ചൂണ്ടിക്കാട്ടി.
വ്യാപാരക്കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. കരാര്‍ ഒപ്പുവച്ച മൂന്നു മാസത്തിനകം 600 കോടി പൗണ്ടിന്റെ വ്യാപാര-നിക്ഷേപ വര്‍ധനയുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. കരാറിന്റെ നേട്ടം പരമാവധി ലഭ്യമാക്കാന്‍ പ്രതിബന്ധങ്ങള്‍ ഉണ്ടെങ്കില്‍ നീക്കുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
125 അംഗ പ്രതിനിധി സംഘമാണ് യുകെ പ്രധാനമന്ത്രിയെ അനുഗമിച്ചത്. ബിസിനസ് പ്രമുഖര്‍, സംരംഭകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെട്ടത്.