ലണ്ടന്‍: ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച പുതിയ ബജറ്റ് നീക്കങ്ങള്‍ ജീവിതച്ചെലവ് പ്രതിസന്ധിയിലായ ജനതയ്ക്ക് ചെറിയ ആശ്വാസം നല്‍കുമെങ്കിലും, സമഗ്രമായി നോക്കുമ്പോള്‍ കടുത്ത സാമ്പത്തിക നടപടികളിലേക്ക് രാജ്യത്തെ നയിക്കാനാണ് സാധ്യത. വരുമാനം കൂട്ടാതെ ജനരോഷം തണുപ്പിക്കാന്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ച റീവ്‌സ്, കുടുംബ ബജറ്റുകളില്‍ നേരിയ ഇളവുകള്‍ അനുവദിക്കുകയാണ്.
ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമായി ഇന്ധന ബില്ലുകളില്‍ നിലവിലുള്ള 5% വാറ്റ് ഒഴിവാക്കാനാണ് റീവ്‌സിന്റെ പദ്ധതി. ഈ നീക്കം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ശരാശരി 86 പൗണ്ട് ലാഭം നല്‍കുമെന്നാണ് കണക്ക്. എന്നാല്‍ ഇത് നടപ്പാക്കാന്‍ ട്രഷറിക്ക് 1.75 ബില്ല്യണ്‍ പൗണ്ട് അധിക ചെലവ് വരും.
അതേസമയം, വാറ്റ് കുറയ്ക്കലിന് പിന്‍പറ്റി മറ്റ് മേഖലകളില്‍ വാറ്റ് നിരക്ക് ഉയര്‍ത്താന്‍ ചാന്‍സലര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാന വാറ്റ് നിരക്ക് 1 ശതമാനം പോയിന്റ് ഉയര്‍ത്തിയാല്‍ ഖജനാവിലേക്ക് 9.9 ബില്ല്യണ്‍ പൗണ്ട് ഒഴുകുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് വിലയിരുത്തുന്നത്. എന്നാല്‍ ഇതിന് വലിയ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ട് - വ്യക്തികളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ 3% കുറവുണ്ടാകുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസര്‍ച്ച് വ്യക്തമാക്കുന്നത്.
സ്‌കൈ ന്യൂസിനോട് നടത്തിയ അഭിമുഖത്തില്‍ റീവ്‌സ് ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഉള്‍പ്പെടുന്ന കടുത്ത തീരുമാനങ്ങള്‍ അനിവാര്യമാകുമെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഏറ്റവും കൂടുതല്‍ ബാധിതര്‍ കുറഞ്ഞ വരുമാനക്കാരും ക്ഷേമപദ്ധതികളില്‍ ആശ്രയിക്കുന്നവരുമായിരിക്കും. ഇന്ധനച്ചെലവ്, ഭക്ഷ്യവില, വീടുവാടക എന്നിവ കൂടുമ്പോള്‍ ഇവരുടെ ജീവിതച്ചെലവ് വന്‍തോതില്‍ ഉയര്‍ന്നേക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
സര്‍ക്കാര്‍ പൊതുസേവനങ്ങളിലെ ചില ചെലവുകള്‍ ചുരുക്കാന്‍ തീരുമാനിച്ചാല്‍ ആരോഗ്യ, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നു.