ലണ്ടന്‍: ആഗോള പാസ്പോര്‍ട്ട് ശക്തി റാങ്കിംഗായ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യക്ക് അഞ്ച് സ്ഥാനങ്ങള്‍ പിന്നോട്ടു. കഴിഞ്ഞ വര്‍ഷം 80-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, ഈ വര്‍ഷം 85-ാം സ്ഥാനത്താണ് എത്തിയത്. നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്കാണ് വിസ രഹിതമായി യാത്ര ചെയ്യാന്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ഈ എണ്ണം 62 ആയിരുന്നു.
199 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. 2006-ല്‍ ഇന്ത്യ 71-ാം സ്ഥാനത്തായിരുന്നു. പുതിയ റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍, ആഗോളതലത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരുമെന്ന സാധ്യത ഉയരുന്നു.
സിംഗപ്പൂര്‍ ഒന്നാമത്, അഫ്ഗാനിസ്ഥാന്‍ അവസാന സ്ഥാനത്ത്
193 രാജ്യങ്ങളിലേക്കുള്ള വിസ രഹിത പ്രവേശന സൗകര്യത്തോടെ സിംഗപ്പൂര്‍ ആദ്യ സ്ഥാനത്ത് തുടരുന്നു. 190 രാജ്യങ്ങളുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും, 189 രാജ്യങ്ങളുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്. പട്ടികയില്‍ ഏറ്റവും താഴെയായി അഫ്ഗാനിസ്ഥാന്‍ (24 രാജ്യം), സിറിയ (26), ഇറാഖ് (29) എന്നീ രാജ്യങ്ങളാണ്.
ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയെന്നത് എന്ത്?
രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ ആഗോള റാങ്കിംഗാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക. മുന്‍കൂട്ടി വിസ ഇല്ലാതെ എത്ര രാജ്യങ്ങളിലേക്കാണ് ഒരു പൗരന് യാത്ര ചെയ്യാന്‍ കഴിയുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിംഗ്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഹെന്‍ലി & പാര്‍ട്നേഴ്സ് ആണ് സൂചിക തയാറാക്കുന്നത്. പ്രതിമാസം ഈ വിവരങ്ങള്‍ പുതുക്കുകയും ചെയ്യുന്നു.