ലണ്ടന്‍: ബ്രിട്ടന്‍ രാജാവ് ചാള്‍സിന്റെ സഹോദരനും എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആന്‍ഡ്രു രാജകുമാരന്‍ (65) രാജകീയ പദവികള്‍ ഉപേക്ഷിച്ചു. യോര്‍ക്ക് പ്രഭു പദവിയും രാജകുടുംബത്തിലെ ഔദ്യോഗിക സ്ഥാനങ്ങളും ഉപേക്ഷിച്ചെങ്കിലും 'രാജകുമാരന്‍' എന്ന പദവി തുടര്‍ന്നും നിലനില്‍ക്കും. ജോര്‍ജ് അഞ്ചാമന്‍ രാജാവ് 1917-ല്‍ പുറത്തിറക്കിയതും, എലിസബത്ത് രാജ്ഞി 2012-ല്‍ പുതുക്കിയതുമായ ലെറ്റേഴ്‌സ് പേറ്റന്റ് പ്രകാരമാണ് ഈ പദവി നിലനില്‍ക്കുന്നത്.
ആന്‍ഡ്രുവിന്റെ മുന്‍ഭാര്യ സാറാ ഫെര്‍ഗൂസന് പ്രഭ്വി പദവി നഷ്ടമാകുമ്പോഴും മക്കളായ ബിയാട്രീസ്, യൂജിനി എന്നിവര്‍ക്ക് രാജകുമാരിമാര്‍ എന്ന പദവി തുടരും. ആന്‍ഡ്രുവിനും കുടുംബത്തിനും വിന്‍ഡ്‌സറിലെ കൊട്ടാരത്തില്‍ താമസിക്കാന്‍ അനുമതിയുണ്ടാകും.
യുഎസിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധം, വെര്‍ജീനിയ ജുഫ്രേ എന്ന സ്ത്രീയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരം, ഒരു ചൈനീസ് ചാരനുമായി നടത്തിയ ബിസിനസ് ഇടപാട് എന്നിവയിലൂടെ ആന്‍ഡ്രു രാജകുമാരന്‍ നിരവധി വിവാദങ്ങളില്‍പ്പെട്ടിരുന്നു. ഈ വിവാദങ്ങള്‍ തള്ളിക്കളഞ്ഞ അദ്ദേഹം, രാജകുടുംബാംഗങ്ങളുമായി ആലോചിച്ചാണ് പദവികള്‍ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കാനും പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താനുമാണ് ഈ നീക്കം. രാജകുടുംബത്തിന്റെ താല്‍പര്യങ്ങള്‍ കണക്കിലെടുത്താണ് പദവികള്‍ ഉപേക്ഷിച്ചതെന്നും ആന്‍ഡ്രു രാജകുമാരന്‍ വ്യക്തമാക്കി.