ലണ്ടന്‍/തിരുവനന്തപുരം: യുകെയിലെ സമര്‍സെറ്റ് ടോണ്ടനില്‍ 29 കാരനായ മലയാളി യുവാവ് ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിരയെ സമര്‍സെറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 11ന് ടോണ്ടനിലെ വിക്ടോറിയ പാര്‍ക്കില്‍ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടന്നതായാണ് പൊലീസ് റിപ്പോര്‍ട്ട്.
സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കുറ്റം ഉള്‍പ്പെടെ രണ്ട് കേസുകളാണ് ചുമത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയെ നോര്‍ത്ത് സമര്‍സെറ്റ് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്‍ഡ് ചെയ്തു. തുടര്‍ വിചാരണ നവംബര്‍ 14ന് നടക്കും.
ഒക്ടോബര്‍ 11ന് പുലര്‍ച്ചെ പാര്‍ക്കിനുള്ളില്‍ വിഷമാവസ്ഥയിലായ ഒരു സ്ത്രീയെ കണ്ട പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ഒക്ടോബര്‍ 12ന് വൈകിട്ട് 6.30ന് പാര്‍ക്കിന് സമീപം താമസിച്ചിരുന്ന മനോജിനെ അറസ്റ്റ് ചെയ്തു.
ലണ്ടനില്‍ വിദ്യാര്‍ത്ഥി വീസയില്‍ എത്തിയ മനോജ് പിന്നീട് ടോണ്ടനില്‍ വിവിധ കെയര്‍ ഹോമുകളില്‍ താത്കാലിക കരാറില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. സ്ഥിരം ജോലി ലഭിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്ന സമയത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.