ലണ്ടന്‍: അടുത്തമാസത്തെ ബജറ്റില്‍ ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യമിട്ട് പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ അവതരിപ്പിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഭവന ഉടമകള്‍ക്ക് അധിക നികുതി ബാധകമാകുന്ന ഈ നീക്കം ലേബര്‍ സര്‍ക്കാരിന്റെ കണക്കുപുസ്തകം സന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ലണ്ടനിലും സൗത്ത് ഈസ്റ്റിലും ഉയര്‍ന്ന മൂല്യമുള്ള വീടുകളുള്ളവരാണ് പ്രധാനമായും ഈ നികുതി ഭാരത്തിന് ഇരയാകുക. ട്രഷറിയെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പുതിയ ബാന്‍ഡുകള്‍ വഴി മെച്ചപ്പെട്ട വരുമാനമുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി വരുമാനം നേടാനാകും എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഇംഗ്ലണ്ടില്‍ നിലവിലുള്ള ഏറ്റവും ഉയര്‍ന്ന കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് 'എച്ച്' ആണ്. 1991-ല്‍ 320,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ളതായി കണക്കാക്കിയ വീടുകള്‍ക്ക് ഇത് ബാധകമാണ്. അതിനുശേഷം പുനര്‍മൂല്യനിര്‍ണ്ണയം നടന്നിട്ടില്ല.
ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ഈ പാര്‍ലമെന്റ് കാലയളവില്‍ വീടുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, പുതിയ ബാന്‍ഡുകള്‍ അതിന് മറുപടി ആവാതെ തന്നെ നടപ്പാക്കാനാകുമെന്നത് ചാന്‍സലറിന് ഗുണകരമാകുമെന്ന് വിലയിരുത്തല്‍. ലോക്കല്‍ അതോറിറ്റികള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനും, ഗ്രാന്റുകള്‍ക്കായി ട്രഷറിയെ സമീപിക്കുന്ന രീതി കുറയ്ക്കാനും ഈ നീക്കം സഹായകരമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.