ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ വംശജര്‍ പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചിരുന്നുവെങ്കിലും, കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വലിയ അതൃപ്തിയുണ്ടാക്കിയതോടെ വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയിലേക്കാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ അടുക്കുന്നത്. നിജല്‍ ഫാരേജ് നയിക്കുന്ന റീഫോം പാര്‍ട്ടിയ്ക്കുള്ള പിന്തുണ മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് അധ്യാപകരുടെ സംഘമായ 1928 ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു.
ദീപാവലി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4 ശതമാനമായിരുന്ന റീഫോം പാര്‍ട്ടിയ്ക്കുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ ഇപ്പോള്‍ 13 ശതമാനമായി ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ ശരാശരിയേക്കാള്‍ കുറവായിരുന്നുവെങ്കിലും, വളര്‍ച്ചാ നിരക്ക് ദേശീയ തലത്തില്‍ക്കാളും വേഗത്തിലാണ് വര്‍ധിച്ചത്.
യുകെയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ ഇന്ത്യന്‍ വംശജര്‍ രാജ്യത്തിന്റെ ഏകദേശം 3 ശതമാനം ജനസംഖ്യയാണ്. ദശകങ്ങളോളം ലേബര്‍ പാര്‍ട്ടിയോടുള്ള കൂറ് നിലനിര്‍ത്തിയിരുന്ന ഇവര്‍, ഇപ്പോള്‍ സാമൂഹ്യ പുരോഗതിയോടൊപ്പം മറ്റ് ബ്രിട്ടീഷ് ജനങ്ങളുമായി സാമ്യമുള്ള നയങ്ങള്‍ സ്വീകരിക്കാന്‍ തയാറായിരിക്കുകയാണ്. ഹിന്ദു വോട്ടര്‍മാരിലെ സാമൂഹിക പാരമ്പര്യവും ദേശീയതയും ഇവരെ വലതുപക്ഷത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
2021-ല്‍ കാര്‍നെജി എന്‍ഡൗമെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് നടത്തിയ പഠനത്തില്‍, ജെറമി കോര്‍ബിന്റെ കാലത്ത് ലേബര്‍ പാര്‍ട്ടി കശ്മീര്‍ സ്വാതന്ത്ര്യത്തിന് നല്‍കിയ പിന്തുണയാണ് ഇന്ത്യന്‍ വോട്ടര്‍മാരെ അകറ്റിയതെന്ന് കണ്ടെത്തിയിരുന്നു. പുതിയ സര്‍വേ പ്രകാരം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടര്‍മാരില്‍ 48 ശതമാനം പേര്‍ ലേബര്‍ പാര്‍ട്ടിയ്ക്കും, 21 ശതമാനം പേര്‍ കണ്‍സര്‍വേറ്റീവിനും, 4 ശതമാനം പേര്‍ റീഫോമിനും വോട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ലേബറിന് 35 ശതമാനവും, കണ്‍സര്‍വേറ്റീവിന് 18 ശതമാനവും മാത്രമാണ് പിന്തുണ. നയപ്രാധാന്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങളാണ് ഈ മാറ്റത്തിന് പിന്നിലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.