ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ യുകെ യൂണിവേഴ്സിറ്റികള്‍ക്ക് ആശ്വാസമായി ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പണപ്പെരുപ്പത്തിന് അനുസൃതമായി അടുത്ത രണ്ട് വര്‍ഷത്തേക്ക് ഫീസ് വര്‍ധിപ്പിക്കുമെന്ന് എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പ്രഖ്യാപിച്ചു.
നിലവില്‍ 9535 പൗണ്ടാണ് വാര്‍ഷിക ട്യൂഷന്‍ ഫീസ്. ഇതിന് മുകളില്‍ ചാര്‍ജ് ചെയ്യാന്‍ യൂണിവേഴ്സിറ്റികള്‍ക്ക് ഇനി സാധിക്കുമെന്ന് ഫിലിപ്സണ്‍ വ്യക്തമാക്കി. ട്യൂഷന്‍ ഫീ ലോണുകളും മെയിന്റനന്‍സ് ലോണുകളും ഓരോ അക്കാഡമിക് വര്‍ഷത്തിലും പണപ്പെരുപ്പം അനുസരിച്ച് വര്‍ധിക്കുമെന്നും അവര്‍ അറിയിച്ചു.
2024ന് മുന്‍പ് ഏഴ് വര്‍ഷത്തോളം ട്യൂഷന്‍ ഫീസ് മരവിപ്പിച്ചിരുന്ന സാഹചര്യത്തില്‍ യൂണിവേഴ്സിറ്റികള്‍ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവന്നിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കുകയായിരുന്നു. എന്നാല്‍ വിസാ നിയമങ്ങള്‍ കടുപ്പിച്ചതോടെ ആ മാര്‍ഗവും തടസ്സപ്പെട്ടു. ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സ് റിപ്പോര്‍ട്ട് പ്രകാരം 2024/25 വര്‍ഷത്തില്‍ 43 ശതമാനം യൂണിവേഴ്സിറ്റികള്‍ നഷ്ടത്തിലാണ്. പുതിയ ഫീസ് വര്‍ധന യൂണിവേഴ്സിറ്റികള്‍ക്ക് ഗുണകരമായിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ 400 പൗണ്ട് വരെ അധിക സാമ്പത്തിക ഭാരം നേരിടേണ്ടിവരുമെന്ന് സേവ് ദി സ്റ്റുഡന്റ് വെബ്സൈറ്റ് ചൂണ്ടിക്കാണിക്കുന്നു. വിദ്യാര്‍ത്ഥികളെ കടത്തിലാക്കുന്നതിന് പകരം ഗവണ്‍മെന്റ് ഗ്രാന്റ് വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഈ ബാധ്യത കുറയ്ക്കാനാകുമായിരുന്നു എന്നതും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.