ലണ്ടന്‍: ഗര്‍ഭിണിയാണെന്ന് വിശ്വസിപ്പിച്ച് കാമുകനെയും കുടുംബത്തെയും വഞ്ചിച്ച കിര കസിന്‍സ് (23) എന്ന യുവതിയുടെ തട്ടിപ്പ് പുറത്ത്. മാസങ്ങളോളം വ്യാജഗര്‍ഭധാരണ നാടകമാടിയ കിര, ലനാര്‍ക്ക്‌ഷെയറിലെ കാല്‍ഡെര്‍ക്രൂയിക്‌സില്‍ 'ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി', ബേബി ഷവര്‍ തുടങ്ങിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
കാമുകനായ ജാമി ഗാര്‍ഡ്നറെയും കുടുംബത്തെയും 'ബോണി ലീ' എന്ന കുഞ്ഞിന് ജന്മം നല്‍കിയതായി കിര ഈ മാസം ആദ്യം അറിയിക്കുകയും, കുഞ്ഞിന്റെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍, ആരെയും കുഞ്ഞിന്റെ അടുത്തേക്ക് അടുപ്പിക്കാന്‍ വിസമ്മതിച്ചതോടെ സംശയങ്ങള്‍ ഉയര്‍ന്നു. പിന്നീട് കിര സാമൂഹമാധ്യമങ്ങളില്‍ നിന്നുള്ള കുഞ്ഞിനെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്തു. ഒടുവില്‍ കുഞ്ഞ് മരിച്ചുവെന്ന അവകാശവാദവും കിര ഉന്നയിച്ചു.
തുടര്‍ന്ന് കിരയുടെ ബെഡ്റൂമില്‍ നിന്ന് ജീവനുള്ളതുപോലെയുള്ള ഒരു പാവ (Reborn doll) കണ്ടെത്തിയതോടെ വഞ്ചന വ്യക്തമായി. പാവയല്ലാതെ യഥാര്‍ത്ഥ കുഞ്ഞില്ലെന്നതും, കുടുംബത്തെ കബളിപ്പിച്ചുവെന്നതും കിരയുടെ അമ്മ കണ്ടെത്തിയതോടെയാണ് പുറത്തായത്. ഈ പാവയ്ക്കായി കിര വലിയ തുക ചെലവഴിച്ചിട്ടുണ്ടെന്നാണ് സുഹൃത്തുക്കളുടെ വിശ്വാസം. കിരയുടെ അമ്മ 1,000 പൗണ്ടിന്റെ പ്രാം വാങ്ങുകയും, മുത്തശ്ശി കാര്‍ സീറ്റുകളും മറ്റ് സാധനങ്ങളും വാങ്ങുകയും ചെയ്തു. വെയ്ല്‍സില്‍ നിന്നുള്ള ബന്ധുവില്‍ നിന്ന് 500 പൗണ്ട് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സംഭവം പുറത്തായതിനു പിന്നാലെ കിര സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ''ഞാന്‍ ചെയ്ത പ്രവൃത്തികള്‍ക്ക് ഞാന്‍ ന്യായീകരണം നല്‍കുന്നില്ല. എന്നാല്‍, ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കായി ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ശരിയായ സഹായം ലഭിച്ചാല്‍, ഒരുപക്ഷേ എന്റെ ദുഃഖത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ കഴിയുമെന്നു കരുതുന്നു,'' കിര കുറിച്ചു. കാമുകന്റെ കുടുംബത്തെ ആരും കുറ്റപ്പെടുത്തരുതെന്നും യുവതി അഭ്യര്‍ഥിച്ചു.
അതേസമയം, യുവതിക്കെതിരെ ഇതുവരെ പൊലീസില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.