ഡബ്ലിന്‍: 10 വയസ്സുകാരി ലൈംഗികപീഡനത്തിന് ഇരയായ സംഭവത്തെ തുടര്‍ന്ന് ഡബ്ലിനിലെ സിറ്റി വെസ്റ്റില്‍ വന്‍ പ്രതിഷേധം. അഭയാര്‍ഥികള്‍ താമസിക്കുന്ന ഹോട്ടലിന് സമീപം ഇന്നലെ രാത്രി നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് (ഗാര്‍ഡ) ശക്തമായ നടപടി സ്വീകരിച്ചു.
പ്രതിഷേധക്കാര്‍ ഐറിഷ് പതാകകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയും ഒരു പൊലീസ് വാന്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. പൊലീസിന് നേരെ പടക്കങ്ങളും കല്ലുകളും എറിഞ്ഞതോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ജലപീരങ്കി പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥന് കാലിന് പരുക്കേറ്റു. അക്രമത്തില്‍ പങ്കെടുത്തവരില്‍ പലരും മുഖം മറച്ച നിലയിലായിരുന്നു.
അക്രമം അപലപനീയമെന്ന് ഗാര്‍ഡയും മന്ത്രിയും
''ഇന്നലെ നടന്നത് സമാധാനപരമായ പ്രതിഷേധമല്ല. പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആള്‍ക്കൂട്ടമായിരുന്നു ഇത്. അക്രമം അപലപിക്കുന്നു. ക്രമസമാധാന യൂണിറ്റുകള്‍, ഡോഗ് യൂണിറ്റ്, മൗണ്ടഡ് യൂണിറ്റ്, വ്യോമ പിന്തുണ, ജലപീരങ്കി എന്നിവ വിന്യസിച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. കുറ്റകൃത്യങ്ങള്‍ ചെയ്തവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്,'' - ഗാര്‍ഡാ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു.
അയര്‍ലന്‍ഡിലെ നീതിന്യായ മന്ത്രി ജിം ഓ'കല്ലഗാനും സംഭവത്തെ ശക്തമായി അപലപിച്ചു. ''സിറ്റി വെസ്റ്റില്‍ നടന്ന ക്രമസമാധാന ലംഘനത്തിന്റെ ദൃശ്യങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്. അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലിന് പുറത്ത് നടന്ന പ്രതിഷേധത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ട് ആക്രമിച്ചു. 10 വയസ്സുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അക്രമത്തില്‍ പങ്കെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും,'' മന്ത്രി വ്യക്തമാക്കി.