Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
UK Special
  Add your Comment comment
യുകെയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തൃശൂര്‍ സ്വദേശി മത്സരിക്കുന്നു: ഷിന്‍ഫീല്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ മത്സരിക്കുന്നത് അലക്‌സ്
Text By: UK Malayalam Pathram
യുകയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ സ്വദേശി മത്സര രംഗത്ത്. ഐടി രംഗത്ത് ജോലി ചെയ്യുന്ന അലക്സ് നെഴുവിങ്ങലാണ് വോക്കിംഗ്ഹാം ബറോ കൗണ്‍സിലിലെ ഷിന്‍ഫീല്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ മത്സരിക്കുന്നത്. വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ്. അലക്സ് തന്റെ പ്രൊഫഷണല്‍ മികവും വിദ്യാഭ്യാസ യോഗ്യതകളുമെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. കുടുംബങ്ങളുടേയും യുവാക്കളുടേയും ഉന്നമനം ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തനിക്ക് വോട്ടുറപ്പിക്കുമെന്ന വിശ്വാസത്തിലാണ് അലക്സ്.
തൃശൂരുകാരനായ അലക്സ് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പമാണ് വോക്കിംഗാമില്‍ താമസിക്കുന്നത്. ഭാര്യ അന്ന ഐ.ടി. മേഖലയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. മക്കളായ റാഫേല്‍, സോഫിയ എന്നിവര്‍ റെഡ്ഡിംഗിലാണ് പഠിക്കുന്നത്. മുംബൈയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് അലക്സ് യുകെയിലേക്ക് എത്തുന്നതും റെഡിംഗ് സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റേഴ്സ് നേടുന്നതും. തുടര്‍ന്ന് ഇവിടെ തന്നെ സെറ്റില്‍ ചെയ്യുകയായിരുന്നു.

പ്രാദേശിക സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും അതു കൃത്യമായി എല്ലാ ആളുകള്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക, കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കുക, വോക്കിംഗ്ഹാമിലെ സമൂഹത്തിന്റെ നവീകരണവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അലക്സിന്റെ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ഷിന്‍ഫീല്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ ശക്തമായി നില്‍ക്കുന്ന പാര്‍ട്ടി റീഫോമാണ്. അതുകൊണ്ടു തന്നെ റീഫോമിനെ തടയാന്‍ ലേബര്‍, ഗ്രീന്‍ പാര്‍ട്ടി പിന്തുണക്കാര്‍ വോട്ടുകള്‍ ലിബറല്‍ ഡെമോക്രാറ്റിന് നല്‍കുന്നതോടെ മികച്ച വിജയ പ്രതീക്ഷയിലാണ് അലക്സ്. വോട്ടര്‍മാര്‍ക്കിടയില്‍ കൃത്യമായ ഇടപെടല്‍ നടത്താനും പ്രാദേശിക രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താനുമുള്ള അലക്സിന്റെ കഴിവില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളിലാണ് അലക്സും അണികളും ഉള്ളത്.
 
Other News in this category

 
 




 
Close Window