ലണ്ടന്‍: കോവിഡ് കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ബ്രിട്ടനിലെങ്ങും ഫ്‌ലൂ ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുകയാണ്. ഫ്‌ലൂ ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എന്‍എച്ച്എസ് ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. വൈറസ് വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
- വൈറസ് വകഭേദം: അതിവ്യാപന ശേഷിയുള്ള ഇന്‍ഫ്‌ലുവന്‍സ (H3N2) വകഭേദമായ 'സൂപ്പര്‍ ഫ്‌ലൂ'യാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
- ആശുപത്രി സമ്മര്‍ദം: ദിവസേന പതിനായിരങ്ങള്‍ ചികിത്സ തേടിയെത്തുന്നതോടെ എന്‍എച്ച്എസ് ആശുപത്രികള്‍ കടുത്ത സമ്മര്‍ദത്തിലാണ്. കഴിഞ്ഞയാഴ്ച ശരാശരി 1,700 രോഗികള്‍ ഓരോ ആശുപത്രിയിലും ഫ്‌ലൂ ബാധിച്ച് എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
- ചീഫ് മെഡിക്കല്‍ ഓഫിസറുടെ മുന്നറിയിപ്പ്: പ്രായമായവരുടെ ചികിത്സ ഉറപ്പുവരുത്തി ജീവന്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ സര്‍ ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കി.
- എമര്‍ജന്‍സി കെയര്‍ ദുരുപയോഗം: ചെറിയ ചുമ, ജലദോഷം തുടങ്ങിയവയ്ക്കായി എമര്‍ജന്‍സി കെയറിലേക്ക് ഓടിയെത്തുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നുവെന്ന് എന്‍എച്ച്എസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള 200,000 എ ആന്‍ഡ് ഇ വിസിറ്റുകള്‍ GP, ഹെല്‍പ്ലൈന്‍, ഫാര്‍മസി കൗണ്ടര്‍ വഴിയോ പരിഹരിക്കാവുന്നതായിരുന്നു.
- വിമര്‍ശനം: എ ആന്‍ഡ് ഇയുടെ നിര്‍ണായക സമയവും സൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നൈപുണ്യവും ദുരുപയോഗപ്പെടുത്തുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വിമര്‍ശനമുണ്ട്.
- സമര ഭീഷണി: ഫ്‌ലൂ ബാധിതരുടെ എണ്ണത്തില്‍ നട്ടംതിരിയുന്ന എന്‍എച്ച്എസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരവും മുന്നില്‍. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഡിസംബര്‍ 17 മുതല്‍ അഞ്ചുദിവസത്തെ വാക്കൗട്ട് സമരത്തിന് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ തയ്യാറെടുക്കുകയാണ്.
ബ്രിട്ടനിലെ ആരോഗ്യരംഗം ഫ്‌ലൂ വ്യാപനവും സമര ഭീഷണിയും ചേര്‍ന്ന് ഇരട്ട പ്രതിസന്ധി നേരിടുകയാണ്