യുകെയില്‍ ജോലിയെടുക്കാതെ ബെനഫിറ്റുകള്‍ വാങ്ങി കഴിയുന്ന യുവാക്കളെ തൊഴില്‍ രംഗത്തിറക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ജോലിചെയ്യാതെയിരിക്കുന്ന യുവാക്കളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് സര്‍ക്കാരിന് തലവേദനയായ സാഹചര്യത്തിലാണ് ട്രെയിനിംഗും ജോബ് ഓഫറും നല്‍കി തൊഴില്‍രഹിതരെ പ്രവര്‍ത്തനക്ഷമരാക്കാനുള്ള നീക്കം.
- കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ജോബ് ഓഫറുകള്‍ നല്‍കുന്നത്.
- ഓഫര്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നവര്‍ക്ക് ലഭിക്കുന്ന ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
- യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ള യുവാക്കള്‍ക്ക് 3.5 ലക്ഷം പുതിയ ട്രെയിനിംഗ്, തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതായി വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പാറ്റ് മക്ഫാഡെന്‍ അറിയിച്ചു.
- ജോലിയും പഠനവും ട്രെയിനിംഗും ഇല്ലാതെ കഴിയുന്ന യുവാക്കളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലേബര്‍ സര്‍ക്കാരിന്റെ ലക്ഷ്യം.
കണക്കുകള്‍ പ്രകാരം 16 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള ഏകദേശം ഒരു മില്ല്യണ്‍ യുവാക്കള്‍ ജോലിയില്ലാതെ കഴിയുന്നുണ്ട്. ഇതിന്റെ ഭാഗമായി, കഴിഞ്ഞ മാസം റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച 820 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ടിംഗ് ഉപയോഗിച്ച് ആറുമാസത്തെ വര്‍ക്ക് പ്ലേസ്മെന്റ് സ്‌കീം നടപ്പാക്കും. 18 മുതല്‍ 21 വയസ്സ് വരെയുള്ളവര്‍ക്ക് ഈ പദ്ധതി ലഭ്യമാകും.
സര്‍ക്കാരിന്റെ വിലയിരുത്തലില്‍, ബര്‍മിംഗ്ഹാം, സോളിഹള്‍, ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍, എസെക്സ്, സെന്‍ട്രല്‍, ഈസ്റ്റ് സ്‌കോട്ട്ലണ്ട്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് വെയില്‍സ് എന്നിവിടങ്ങളിലാണ് പദ്ധതിക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്