ലണ്ടന്‍: അഞ്ചുവര്‍ഷത്തിനുശേഷം ബ്രിട്ടിഷ് പാസ്പോര്‍ട്ടിന്റെ രൂപവും ഭാവവും സമൂലമായി മാറുന്നു. വ്യാജനിര്‍മിതി തടയാന്‍ കഴിയുന്ന വിധത്തില്‍ ഡിജിറ്റല്‍ ഫ്രണ്ട്ലി സുരക്ഷാ സവിശേഷതകളോടെ പുതിയ പാസ്പോര്‍ട്ടുകള്‍ ഡിസംബര്‍ ഒന്നുമുതല്‍ വിതരണം ആരംഭിച്ചു.
- രാജകീയ ചിഹ്നത്തിലെ മാറ്റം: മുന്‍പ് ഉപയോഗിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ ചിഹ്നത്തിന് പകരം കിംഗ് ചാള്‍സ് മൂന്നാമന്റെ രാജകീയ ചിഹ്നം (Coat of Arms) ഉള്‍പ്പെടുത്തി. 2022-ല്‍ അധികാരമേറ്റ ശേഷം അദ്ദേഹം തിരഞ്ഞെടുത്ത ട്യൂഡര്‍ കിരീടത്തിന്റെ മാതൃകയാണ് പുതിയ രൂപകല്‍പ്പനയില്‍.
- ചിഹ്നത്തിലെ പുതുക്കലുകള്‍: പരിചയ്ക്ക് (Shield) കൂടുതല്‍ വിശദാംശങ്ങളും വലിപ്പവും നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന സിംഹത്തിനും സ്‌കോട്ട്‌ലന്‍ഡിനെ പ്രതിനിധീകരിക്കുന്ന യൂണികോണിനും മുഖഭാവത്തിലും ശരീരത്തിലും മാറ്റം വരുത്തി. 'Dieu et mon droit' എന്ന രാജകീയ ആപ്തവാക്യം തുടര്‍ന്നും നിലനില്‍ക്കും.
- സുരക്ഷാ സവിശേഷതകള്‍: ഫോട്ടോ പതിപ്പിച്ച പേജില്‍ പുതിയ ഹോളോഗ്രാഫിക് സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി. അതിര്‍ത്തികളിലെ പരിശോധന എളുപ്പമാക്കാനും വ്യാജരേഖ നിര്‍മ്മാണം തടയാനും സഹായിക്കുന്ന അത്യാധുനിക ആന്റി-ഫോര്‍ജറി സാങ്കേതികവിദ്യകളും ചേര്‍ത്തിട്ടുണ്ട്. ഹോം ഓഫീസ് പുതിയ പാസ്പോര്‍ട്ടിനെ 'ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും സുരക്ഷിതമായത്' എന്ന് വിശേഷിപ്പിച്ചു.
- വീസ പേജുകളില്‍ പ്രകൃതിദൃശ്യങ്ങള്‍: ബ്രിട്ടനിലെ നാല് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യുനെസ്‌കോ സംരക്ഷിത പ്രകൃതിദൃശ്യങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. ബെന്‍ നെവിസ്, ദി ലേക്ക് ഡിസ്ട്രിക്റ്റ്, ത്രീ ക്ലിഫ്സ് ബേ, ജയന്റ്സ് കോസ്വേ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- ഫീസ് വര്‍ധന: ഏപ്രില്‍ മുതല്‍ പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി മുതിര്‍ന്നവര്‍ക്ക് £94.50, കുട്ടികള്‍ക്ക് £61.50, പേപ്പര്‍ ഫോം വഴി മുതിര്‍ന്നവര്‍ക്ക് £107, കുട്ടികള്‍ക്ക് £74 എന്നിങ്ങനെയാണ് പുതിയ നിരക്ക്.
നിലവിലുള്ള പാസ്പോര്‍ട്ടുകള്‍ കാലാവധി തീരുന്നത് വരെ സാധുവായിരിക്കും. ഡിസംബര്‍ മുതല്‍ അപേക്ഷിക്കുന്നവര്‍ക്ക് പുതിയ രൂപകല്‍പ്പനയിലുള്ള പാസ്പോര്‍ട്ടുകള്‍ ലഭ്യമാകും