|
ബസില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി അറസ്റ്റില്‍. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് പിടികൂടിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക്(41) ജീവനൊടുക്കിയതിലാണ് ഷിംജിതയ്ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.
ഒളിവില്‍ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ബന്ധുവീട്ടില്‍നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. ഇതിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് മഞ്ചേരി ജയിലിലേക്ക് മാറ്റി. |