|
അമൃത് ഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരുവ് കച്ചവടക്കാര്‍ക്കായുള്ള ഒരു ലക്ഷം രൂപയുടെ പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാര്‍ഡ്, തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നാഷണല്‍ സ്ഥാപിക്കുന്ന ഇന്നോവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓണ്‍ട്രപ്രനേര്‍ഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത്യാധുനിക റേഡിയോ സര്‍ജറി സെന്റര്‍, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപന- ഉദ്ഘാടന കര്‍മങ്ങളാണ് അദ്ദേഹം നിര്‍വഹിച്ചത്.
മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 11 വര്‍ഷം നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം സംസാരിച്ചത്. നഗരത്തിലെ ദരിദ്ര വിഭാഗങ്ങളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. പ്രധാനമന്ത്രി ആവാസ് യോജന വഴി നാലു കോടിയിലേറെ വീടുകളാണ് നിര്‍മ്മിച്ച് കൈമാറിയത്. ഇതില്‍ ഒരു കോടിയിലേറെ വീടുകള്‍ നഗരത്തിലാണ്. കേരളത്തിലും 25 ലക്ഷം നഗരവാസികള്‍ക്ക് വീട് ലഭിച്ചു. |