ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുള്‍പ്പെടെ തന്ത്രപ്രധാന മേഖലകളില്‍ അമേരിക്കയും ഇസ്രയേലും കഴിഞ്ഞ രാത്രി ശക്തമായ ആക്രമണം നടത്തി. ആയുധ ശേഖരണ കേന്ദ്രങ്ങള്‍, മിസൈല്‍ ലോഞ്ചിങ് പാഡുകള്‍, മിസൈല്‍ ശേഖരണ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഇറാന്റെ മിസൈല്‍ ശേഷി തകര്‍ന്നുവെന്ന് യു.എസ് അവകാശപ്പെട്ടു.
ഗള്‍ഫ് മേഖലയിലേക്ക് ഇറാന്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനാണ് യു.എസ് നീക്കം. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇറാന്റെ ആക്രമണം കുറഞ്ഞുവെന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടെങ്കിലും, സൗദിയിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. സൗദി അറേബ്യ ആക്രമണം പ്രതിരോധിച്ചതായി അറിയിച്ചു.
ഇറാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ ബുക്കാനില്‍ കനത്ത ബോംബാക്രമണം ഉണ്ടായതായി തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗവര്‍ണറേറ്റ് കെട്ടിടം, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍-അമേരിക്കന്‍ ആക്രമണം കടുപ്പിച്ചാല്‍ ഇറാന്‍ ഇസ്രയേലിലെ ഡിമോണ ആണവ കേന്ദ്രത്തെ ലക്ഷ്യമാക്കുമെന്ന മുന്നറിയിപ്പും ഉയരുന്നു.
കുവൈത്ത് തീരത്ത് ചരക്കു കപ്പലില്‍ സ്ഫോടനമുണ്ടായി. എണ്ണ കടലിലേക്ക് ചോര്‍ന്നതോടെ മലിനീകരണ ഭീഷണി ഉയര്‍ന്നു. കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദോഹയിലെ യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഖത്തര്‍ ഒഴിപ്പിച്ചു.
അതേസമയം, ലെബനനില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചു. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളായ ഹരേത് ഹ്രെയിക് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുമായി ബന്ധമുള്ള കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ബെയ്‌റൂട്ടിലെ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു