ലണ്ടന്‍: ലൈംഗികസേവനം വാഗ്ദാനം ചെയ്ത് പുരുഷന്മാരുടെ വീടുകളിലെത്തുകയും പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി ബോധരഹിതരാക്കിയശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ കുറ്റം സമ്മതിച്ചു. അഡിന മിഹായ് (31), മദാലിന്‍ ഡുമിട്രൂ (30) എന്നിവരാണ് ഓക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ കുറ്റം സമ്മതിച്ചത്. ഗാരി മൗട്ട് (37), മാല്‍ക്കം കിങ് (80) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട രണ്ട് നരഹത്യക്കുറ്റങ്ങളും മറ്റു രണ്ടുപേര്‍ക്ക് വിഷം നല്കിയ കുറ്റങ്ങളുമാണ് പ്രതികള്‍ സമ്മതിച്ചത്. നേരത്തെ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നെങ്കിലും, കോടതിയില്‍ സമ്മതിച്ചത് നരഹത്യക്കുറ്റങ്ങളാണ്.
2024 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈവരെ ഇംഗ്ലണ്ടിന്റെ തെക്കന്‍ മേഖലകളിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ലൈംഗികസേവനം നല്‍കുന്നയാളായി മിഹായ് ഇരകളുടെ വീടുകളിലെത്തുകയും അവര്‍ക്ക് നല്കിയ പാനീയങ്ങളില്‍ ജി.ബി.എല്‍. (ഗാമാ-ബ്യൂട്ടിറോലാക്ടോണ്‍) രഹസ്യമായി കലര്ത്തുകയുമായിരുന്നു. ശരീരത്തിലെത്തുമ്പോള്‍ ഉറക്കവും മയക്കവും ഉണ്ടാക്കുന്ന ജി.എച്ച്.ബിയായി മാറുന്ന രാസവസ്തുവാണിത്. ഇരകള്‍ ബോധരഹിതരായതോടെ പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നെടുക്കുകയായിരുന്നു.
ഗ്ലോസ്റ്റര്‍ഷയറിലെ ബാഗന്ഡണ് സ്വദേശിയായ മാല്‍ക്കം കിങ്ങിനെ 2024 ഓഗസ്റ്റ് 21-ന് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ മരണം ആദ്യം അസ്വാഭാവികമായി കണക്കാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ വിഷപരിശോധനയില്‍ ജി.ബി.എല്‍. നല്‍കിയതായി സ്ഥിരീകരിച്ചു. ഓക്സ്ഫോര്‍ഡ്ഷയറിലെ ബാന്‍ബറിയില്‍ താമസിച്ചിരുന്ന ഗാരി മൗട്ടിനെ 2025 ജൂലൈ 13-നാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമാനരീതിയില്‍ ലഹരിമരുന്ന് നല്കിയ മറ്റ് രണ്ട് പുരുഷന്മാര് രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. ഗ്ലോസ്റ്റര്‍ഷയര്‍ പൊലീസും തേംസ് വാലി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കേസുകള്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും