ലണ്ടന്: യുകെ സര്‍വകലാശാലയില്‍ ചേരുക, അന്താരാഷ്ട്ര ബിരുദം നേടുക, പഠനശേഷം പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസയില്‍ ജോലി കണ്ടെത്തുക, പിന്നീട് യുകെയിലോ യൂറോപ്പിലോ കരിയര്‍ കെട്ടിപ്പടുക്കുക - കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായിരുന്ന ഈ കണക്കുകൂട്ടലിന് വലിയ മാറ്റം വരുന്നു. പഠനത്തിനൊപ്പം കുടിയേറ്റ സാധ്യതയും ലക്ഷ്യമിട്ട് യുകെയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കൂടുതല്‍ സാമ്പത്തിക തയ്യാറെടുപ്പും വ്യക്തമായ കരിയര്‍ പദ്ധതിയും ആവശ്യമായി വരും. യുകെ സര്‍ക്കാര്‍ വിസ ദുരുപയോഗം തടയുന്നതിനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥി റിക്രൂട്ട്‌മെന്റില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുമായി കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും കൂടുതല്‍ കടുത്ത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. മോശം വിസ അംഗീകാര നിരക്ക്, കുറഞ്ഞ എന്റോള്‍മെന്റ് നിരക്ക്, കോഴ്സ് പൂര്‍ത്തീകരണത്തിലെ കുറവ് എന്നിവയുള്ള സ്ഥാപനങ്ങള്‍ ഇനി ശക്തമായ നിരീക്ഷണത്തിനും നിയന്ത്രണങ്ങള്‍ക്കും വിധേയമാകും.
പുതിയ നിയമങ്ങള്‍ പ്രകാരം, 2026 ജൂണ്‍ 1 മുതല്‍ വിദ്യാര്‍ത്ഥി സ്‌പോണ്‍സര്‍ സ്ഥാപനങ്ങള്‍ക്ക് വിസ നിരസിക്കല്‍ നിരക്ക് 5 ശതമാനത്തില്‍ താഴെയായിരിക്കണം. എന്റോള്‍മെന്റ് നിരക്ക് കുറഞ്ഞത് 95 ശതമാനമായിരിക്കണം. 2027 ജൂണ്‍ 1 മുതല്‍ കോഴ്സ് പൂര്‍ത്തീകരണ നിരക്ക് കുറഞ്ഞത് 90 ശതമാനമാക്കുകയും ചെയ്യും. മുമ്പ് വിസ നിരസിക്കല്‍ പരിധി 10 ശതമാനവും എന്റോള്‍മെന്റ് നിരക്ക് 90 ശതമാനവും കോഴ്സ് പൂര്‍ത്തീകരണ നിരക്ക് 85 ശതമാനവുമായിരുന്നു. ഇത് പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥി റിക്രൂട്ട്‌മെന്റില്‍ നിയന്ത്രണം നേരിടേണ്ടി വരാം. ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവകാശം തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇതോടെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന ഏജന്റുമാരുടെയും, വിദ്യാഭ്യാസത്തെ വെറും ബിസിനസ് മോഡലാക്കി മാറ്റിയ നിലവാരമില്ലാത്ത സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരുമെന്നാണ് വിലയിരുത്തല്‍.
ഇതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറുന്നത് പോസ്റ്റ്-സ്റ്റഡി വര്‍ക്ക് അവസരത്തിലെ കുറവാണ്. ഗ്രാജുവേറ്റ് വിസയുടെ കാലാവധി 2027 ജനുവരി 1 മുതല്‍ അപേക്ഷിക്കുന്ന ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറയും. എന്നാല്‍ പി.എച്ച്.ഡി അല്ലെങ്കില്‍ മറ്റു ഡോക്ടറല്‍ യോഗ്യതയുള്ളവര്‍ക്ക് നിലവിലുള്ളതുപോലെ മൂന്ന് വര്‍ഷം തുടരും. 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധി ലഭിക്കും. അതായത്, യുകെയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി കണ്ടെത്താനും സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറാനും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സമയം കുറയുകയാണ്. ജോലി വിപണിയില്‍ മത്സരക്ഷമതയില്ലാത്ത കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കും, വ്യക്തമായ കരിയര്‍ പ്ലാന്‍ ഇല്ലാതെ പഠനത്തിന് പോകുന്നവര്‍ക്കും ഇത് വലിയ വെല്ലുവിളിയാകും.
സാമ്പത്തിക ബാധ്യതയും കൂടിയിട്ടുണ്ട്. 2025 നവംബര്‍ 11 മുതല്‍ സ്റ്റുഡന്റ് വിസയ്ക്കുള്ള മെയിന്റനന്‍സ് ഫണ്ട് ലണ്ടനില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം £1,529 ആയും ലണ്ടന് പുറത്തുള്ളവര്‍ക്ക് £1,171 ആയും ഉയര്‍ന്നു. പരമാവധി ഒമ്പത് മാസത്തേക്ക് ഈ തുക കാണിക്കണം. അതായത് ലണ്ടനില്‍ പഠിക്കുന്നവര്‍ക്ക് £13,761 വരെയും ലണ്ടന് പുറത്തുള്ളവര്‍ക്ക് £10,539 വരെയും ജീവിതച്ചെലവിനായി തെളിയിക്കേണ്ടി വരും. വിദ്യാര്‍ത്ഥി വിസ അപേക്ഷാ ഫീസും വര്‍ധിച്ചിട്ടുണ്ട്. 2026 ഏപ്രില്‍ 8 മുതല്‍ യുകെ സ്റ്റുഡന്റ് വിസ ഫീസ് £524ല്‍ നിന്ന് £558 ആയി ഉയര്‍ത്തി. യുകെയ്ക്ക് പുറത്തുനിന്നും അകത്തുനിന്നും അപേക്ഷിക്കുന്നവര്‍ക്കും ഇതേ നിരക്കാണ് ബാധകം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെ ഇപ്പോഴും പ്രധാന പഠനകേന്ദ്രമായി തുടരുന്നു. 2025 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ 98,014 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെ പഠന വിസ ലഭിച്ചു. ചൈനയ്ക്ക് പിന്നാലെ യുകെയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അയക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലാണ്. എന്നാല്‍ ഡിപ്പെന്‍ഡന്റ് വിസ നിയന്ത്രണങ്ങളും പുതിയ കുടിയേറ്റ നയങ്ങളും കാരണം മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ സാഹചര്യത്തില്‍ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ റാങ്കിങ് മാത്രം നോക്കാതെ കോഴ്സിന്റെ തൊഴില്‍ സാധ്യത, സര്‍വകലാശാലയുടെ വിസ കംപ്ലയന്‍സ് റെക്കോര്‍ഡ്, പ്ലേസ്‌മെന്റ് പിന്തുണ, പ്രദേശത്തെ ജീവിതച്ചെലവ്, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറാനുള്ള സാധ്യത എന്നിവ കൂടി പരിശോധിക്കേണ്ടതുണ്ട്. അംഗീകൃത ഏജന്റുമാര്‍ വഴി മാത്രം അപേക്ഷിക്കുന്നതും വ്യാജ ജോലി വാഗ്ദാനങ്ങളെയും അമിത പ്രതീക്ഷകളെയും ഒഴിവാക്കുന്നതും നിര്‍ണായകമാണ്. യുകെ ബിരുദത്തിന്റെ മൂല്യം ഇപ്പോഴും നിലനില്‍ക്കുമ്പോഴും, ''പഠനത്തിന് പോയാല്‍ എളുപ്പത്തില്‍ സെറ്റില്‍ ചെയ്യാം'' എന്ന പഴയ കണക്കുകൂട്ടല്‍ ഇനി സുരക്ഷിതമല്ല. മികച്ച കോഴ്സ്, മതിയായ സാമ്പത്തിക തയ്യാറെടുപ്പ്, ശക്തമായ ഇംഗ്ലീഷ് പ്രാവീണ്യം, വ്യക്തമായ തൊഴില്‍ ലക്ഷ്യം എന്നിവയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പുതിയ യുകെ വിദ്യാഭ്യാസ നയത്തില്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നുകിടക്കുക.