Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-യുകെ വ്യാപാരക്കരാര്‍ ജൂലൈ 15 മുതല്‍; ബ്രിട്ടീഷ് കാറുകളുടെ ഇറക്കുമതിത്തീരുവയില്‍ വന്‍ കുറവ്
reporter

ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരുരാജ്യങ്ങളിലെയും വാഹനവിപണിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. നിശ്ചിത ക്വാട്ടയ്ക്കുള്ളില്‍ യുകെയില്‍ നിര്‍മിച്ച കാറുകളുടെ ഇന്ത്യയിലെ ഇറക്കുമതിത്തീരുവ ഘട്ടംഘട്ടമായി പത്ത് ശതമാനംവരെ കുറയും. അതേസമയം, ഇന്ത്യന്‍ വാഹനനിര്‍മാതാക്കള്‍ക്ക് യുകെ വിപണിയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള അവസരവും കരാര്‍ ഒരുക്കുന്നു. നിലവില്‍ ചില പൂര്‍ണമായി നിര്‍മിച്ച വിദേശ കാറുകള്‍ക്ക് ഇന്ത്യയില്‍ 110 ശതമാനംവരെ ഇറക്കുമതിത്തീരുവ ഈടാക്കുന്നുണ്ട്. പുതിയ കരാര്‍ പ്രകാരം യുകെ നിര്‍മിത വാഹനങ്ങള്‍ക്ക് എന്‍ജിന്‍ ശേഷിയും വിലയും അടിസ്ഥാനമാക്കിയുള്ള ക്വാട്ടയ്ക്കുള്ളില്‍ കുറഞ്ഞ തീരുവ ലഭിക്കും. കരാര്‍ നടപ്പാക്കുന്ന ആദ്യ 15 വര്‍ഷത്തിനിടെ 3.78 ലക്ഷം പെട്രോള്‍-ഡീസല്‍ യാത്രാവാഹനങ്ങള്‍ കുറഞ്ഞ തീരുവയില്‍ യുകെയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാകും. ആദ്യവര്‍ഷം ആകെ 20,000 വാഹനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക.



ആദ്യവര്‍ഷത്തെ തീരുവയും ക്വാട്ടയും

വലിയ എന്‍ജിന്‍ വാഹനങ്ങള്‍ - 10,000 എണ്ണം:

3,000 സിസിക്ക് മുകളിലുള്ള പെട്രോള്‍ കാറുകള്‍ക്കും 2,500 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ക്കും നിലവിലെ 110 ശതമാനം തീരുവ 30 ശതമാനമായി കുറയും.

ഇടത്തരം വാഹനങ്ങള്‍ - 5,000 എണ്ണം:

1,500 മുതല്‍ 3,000 സിസിവരെയുള്ള പെട്രോള്‍ കാറുകള്‍ക്കും 2,500 സിസിവരെയുള്ള ഡീസല്‍ കാറുകള്‍ക്കും തീരുവ 66 ശതമാനത്തില്‍നിന്ന് 50 ശതമാനമാകും.

ചെറിയ എന്‍ജിന്‍ വാഹനങ്ങള്‍ - 5,000 എണ്ണം:

1,500 സിസിവരെയുള്ള പെട്രോള്‍ കാറുകള്‍ക്കും 50 ശതമാനം തീരുവയാണ് ബാധകമാകുക.

അഞ്ചാം വര്‍ഷത്തോടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ വാര്‍ഷിക ക്വാട്ട 37,000 ആയി ഉയരും. ക്വാട്ടയ്ക്കുള്ളിലുള്ള എല്ലാ എന്‍ജിന്‍ വിഭാഗങ്ങളുടെയും തീരുവ അപ്പോഴേക്കും പത്ത് ശതമാനമായി കുറയും. എന്നാല്‍ ക്വാട്ടയ്ക്ക് പുറത്തുള്ള വാഹനങ്ങള്‍ക്ക് സാധാരണ നിരക്കിലുള്ള ഉയര്‍ന്ന തീരുവ തുടരും.

ആറാം വര്‍ഷം മുതല്‍ ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ വാഹനങ്ങള്‍ക്കും ക്വാട്ട അനുവദിക്കുന്നതിനാല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ ക്വാട്ട പിന്നീട് ഘട്ടംഘട്ടമായി കുറയും. പതിനഞ്ചാം വര്‍ഷം മുതല്‍ പ്രതിവര്‍ഷം 15,000 പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്കും 22,000 ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ വാഹനങ്ങള്‍ക്കും കുറഞ്ഞ തീരുവ ലഭിക്കും. ഇതോടെ ആകെ വാര്‍ഷിക വാഹനക്വാട്ട 37,000 ആയി തുടരും.

കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് ഇളവില്ല

ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ ആഭ്യന്തര നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 40,000 പൗണ്ടില്‍ താഴെ സി.ഐ.എഫ്. വിലയുള്ള യുകെ നിര്‍മിത ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ കാറുകള്‍ക്ക് ഇന്ത്യ തീരുവയിളവ് അനുവദിക്കില്ല.

കരാറിന്റെ ആദ്യ അഞ്ചുവര്‍ഷം ഈ വിഭാഗത്തിലെ ഒരു വാഹനത്തിനും പ്രത്യേക തീരുവയിളവ് ലഭിക്കില്ല. ആറാം വര്‍ഷം മുതല്‍ ഉയര്‍ന്ന വിലയുള്ള വാഹനങ്ങള്‍ക്കാണ് ആനുകൂല്യം ആരംഭിക്കുക.

40,000 മുതല്‍ 80,000 പൗണ്ടുവരെയുള്ള വാഹനങ്ങളുടെ തീരുവ ആറാം വര്‍ഷം 50 ശതമാനമായി കുറയും. ആദ്യ ക്വാട്ട 400 വാഹനങ്ങളാണ്.

80,000 പൗണ്ടിന് മുകളിലുള്ള വാഹനങ്ങളുടെ തീരുവ 40 ശതമാനമായി കുറയും. ആറാം വര്‍ഷത്തെ ക്വാട്ട 4,000 വാഹനങ്ങളായിരിക്കും.

പത്താം വര്‍ഷത്തോടെ ഈ വിഭാഗങ്ങളുടെ ക്വാട്ടയ്ക്കുള്ളിലെ തീരുവ പത്ത് ശതമാനമായി കുറയും.

പതിനഞ്ചാം വര്‍ഷം മുതല്‍ ഈ വാഹനങ്ങളുടെ സംയുക്ത വാര്‍ഷിക ക്വാട്ട 22,000 ആയി ഉയരും.

ഇന്ത്യന്‍ വാഹനനിര്‍മാതാക്കള്‍ക്ക് യുകെയില്‍ അവസരം

ഇന്ത്യയില്‍ നിര്‍മിക്കുന്ന പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് കരാര്‍ പ്രാബല്യത്തില്‍ വരുന്ന ദിവസംമുതല്‍ യുകെയില്‍ തീരുവയില്ലാതെ പ്രവേശിക്കാന്‍ കഴിയും.

ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ യാത്രാവാഹനങ്ങള്‍ക്ക് ആറാം വര്‍ഷം മുതല്‍ നിശ്ചിത ക്വാട്ടയ്ക്കുള്ളില്‍ യുകെയിലേക്ക് തീരുവരഹിതമായി കയറ്റുമതി ചെയ്യാം. 80,000 പൗണ്ടുവരെയുള്ള വാഹനങ്ങളാണ് ഈ ആനുകൂല്യത്തിന് അര്‍ഹമാകുക.

ആറാം വര്‍ഷം 17,600 വാഹനങ്ങളായിരിക്കും ആകെ ക്വാട്ട. പതിനഞ്ചാം വര്‍ഷത്തോടെ ഇത് പ്രതിവര്‍ഷം 88,000 വാഹനങ്ങളായി ഉയരും. ഇന്ത്യയിലെ ഇലക്ട്രിക് വാഹനനിര്‍മാതാക്കള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള പ്രവേശനം ശക്തിപ്പെടുത്താന്‍ ഈ വ്യവസ്ഥ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഇലക്ട്രിക് അല്ലെങ്കില്‍ ഹൈഡ്രജന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവയ്ക്ക് കരാറിന്റെ ഭാഗമായി പ്രത്യേക ഇറക്കുമതിത്തീരുവയിളവ് ലഭിക്കില്ല. കരാര്‍ നടപ്പാകുന്നതോടെ യുകെയില്‍ നിര്‍മിച്ച യോഗ്യമായ കാറുകളുടെ ഇന്ത്യയിലെ വില കുറയാന്‍ സാധ്യതയുണ്ടെങ്കിലും, തീരുവക്കുറവിന്റെ മുഴുവന്‍ പ്രയോജനവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമോ എന്നത് വാഹനനിര്‍മാതാക്കളുടെ വിലനിര്‍ണയം, വിനിമയനിരക്ക്, ചരക്കുനീക്കച്ചെലവ്, ആഭ്യന്തര നികുതികള്‍ എന്നിവയെ ആശ്രയിച്ചിരിക്കും.

 
Other News in this category

 
 




 
Close Window