ലണ്ടന്‍: രാഷ്ട്രീയ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നൈജല്‍ ഫരാജിന്റെ റിഫോം യുകെ പാര്‍ട്ടിക്ക് വീണ്ടും 36 മില്യന്‍ പൗണ്ടിന്റെ വന്‍ സംഭാവന. ക്രിപ്‌റ്റോകറന്‍സി നിക്ഷേപകനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ നല്‍കിയ സംഭാവനയോടെ 48 മണിക്കൂറിനിടെ പാര്‍ട്ടിക്ക് ലഭിച്ച തുക 72 മില്യന്‍ പൗണ്ടായി ഉയര്‍ന്നു. ഹാര്‍ബോണ്‍ 36 മില്യന്‍ പൗണ്ട്, ഏകദേശം 49 മില്യന്‍ യുഎസ് ഡോളര്‍, റിഫോം യുകെയ്ക്ക് സംഭാവന നല്‍കിയതായി ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിന് ഒരു ദിവസം മുമ്പ് ക്രിപ്‌റ്റോകറന്‍സി സംരംഭകനും ബിറ്റ്‌മെക്‌സ് സഹസ്ഥാപകനുമായ ബെന്‍ ഡെലോയും പാര്‍ട്ടിക്ക് 36 മില്യന്‍ പൗണ്ട് നല്‍കിയിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ പാര്‍ട്ടി സംഭാവനകളിലൊന്നായാണ് ഡെലോയുടെ സംഭാവന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമാക്കുന്ന റിഫോം യുകെയ്ക്ക് രണ്ട് ശതകോടീശ്വരന്മാരില്‍നിന്നായി രണ്ട് ദിവസത്തിനിടെ ലഭിച്ചത് 72 മില്യന്‍ പൗണ്ടാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ ചെലവഴിച്ച തുകയേക്കാള്‍ വലിയ സാമ്പത്തിക ശേഷിയാണ് ഈ രണ്ട് സംഭാവനകള്‍ മാത്രം റിഫോമിന് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണവും തുടരുന്നതിനിടെയാണ് റെക്കോര്‍ഡ് സംഭാവനകള്‍ എത്തുന്നത്. വിദേശ സ്രോതസുകളില്‍നിന്നുള്ള രാഷ്ട്രീയ ധനസഹായം മറച്ചുവയ്ക്കാന്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ റിഫോം യുകെ നിഷേധിക്കുകയും തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ നേരത്തെയും റിഫോം യുകെയുടെ പ്രധാന സാമ്പത്തിക പിന്തുണക്കാരനായിരുന്നു. ബെന്‍ ഡെലോ 36 മില്യന്‍ പൗണ്ട് നല്‍കുന്നുവെന്ന വിവരം അറിഞ്ഞതിന് പിന്നാലെ അതേ തുക താനും സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഹാര്‍ബോണ്‍ വ്യക്തമാക്കിയത്. ബ്രിട്ടന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് റിഫോം യുകെയ്ക്ക് കഴിയുമെന്ന വിശ്വാസമാണ് സംഭാവനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വന്‍തുകയുടെ സംഭാവനകള്‍ ലഭിച്ചതോടെ റിഫോം യുകെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണ യന്ത്രം സജ്ജമാക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. നൈജല്‍ ഫരാജ് സംഭാവനകളെ സ്വാഗതം ചെയ്ത് പാര്‍ട്ടിയിലുള്ള വിശ്വാസത്തിന്റെ തെളിവാണിതെന്ന് പ്രതികരിച്ചു.
അതേസമയം, റിഫോം യുകെയിലേക്ക് ഒഴുകുന്ന വന്‍ സാമ്പത്തിക സഹായം മറ്റ് പ്രധാന പാര്‍ട്ടികളിലും രാഷ്ട്രീയ ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാവുന്ന സംഭാവനകള്‍ക്ക് കര്‍ശന പരിധി വേണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. വിദേശ സംഭാവനകള്‍ക്കും ക്രിപ്‌റ്റോകറന്‍സി വഴിയുള്ള രാഷ്ട്രീയ ധനസഹായത്തിനും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണ നടപടികളും പാര്‍ലമെന്റില്‍ പുരോഗമിക്കുകയാണ്.