ലണ്ടന്‍: വരാനിരിക്കുന്ന വാരാന്ത്യത്തില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഉയര്‍ന്ന് വേനല്‍ക്കാലത്തിന് സമാനമായ ചൂട് അനുഭവപ്പെടുമെങ്കിലും സെപ്റ്റംബറില്‍ രാജ്യം ഉഷ്ണതരംഗത്തിലേക്ക് കടക്കാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ പ്രവചനം. ചില മേഖലകളില്‍ താപനില പതിവിനെക്കാള്‍ ഉയരുമെങ്കിലും നിലവിലെ കാലാവസ്ഥാ മാതൃകകള്‍ പരിശോധിക്കുമ്പോള്‍ സെപ്റ്റംബര്‍ പകുതിയോടെ മഴയും താരതമ്യേന തണുത്ത കാലാവസ്ഥയും തിരിച്ചെത്താനാണ് സാധ്യത. വടക്കന്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം ലണ്ടന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ ഇംഗ്ലണ്ടില്‍ പ്രധാനമായും വരണ്ടതും ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
തെക്കന്‍ മേഖലകളില്‍ പകല്‍ താപനില 23 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഇതിനെ ഔദ്യോഗികമായി ഉഷ്ണതരംഗമായി കണക്കാക്കാന്‍ ആവശ്യമായ തോതില്‍ തുടര്‍ച്ചയായ ഉയര്‍ന്ന താപനില നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. ബ്രിട്ടനില്‍ പ്രദേശത്തിനനുസരിച്ച് നിശ്ചയിച്ചിട്ടുള്ള താപനില പരിധി തുടര്‍ച്ചയായി മൂന്ന് ദിവസമെങ്കിലും മറികടക്കുമ്പോഴാണ് കാലാവസ്ഥാ നിരീക്ഷകര്‍ അതിനെ ഉഷ്ണതരംഗമായി കണക്കാക്കുന്നത്. നിലവിലെ പ്രവചനങ്ങള്‍ പ്രകാരം അത്തരം സാഹചര്യം രൂപപ്പെടാനുള്ള സാധ്യത കുറവാണ്. സെപ്റ്റംബര്‍ രണ്ടാം പകുതിയോടെ ജെറ്റ് സ്ട്രീമിന്റെ സ്വാധീനം ശക്തമാകുന്നതോടെ താഴ്ന്ന മര്‍ദ്ദ മേഖലകള്‍ രൂപപ്പെടാനും കാറ്റും മഴയും വര്‍ധിക്കാനും സാധ്യതയുണ്ട്. ഇതോടെ വാരാന്ത്യത്തിലെ ചൂടിന് പിന്നാലെ കൂടുതല്‍ അസ്ഥിരമായ കാലാവസ്ഥയിലേക്ക് രാജ്യം മാറിയേക്കും.
യുകെയിലെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന വരള്‍ച്ചയ്ക്ക് മഴ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ മഴയുടെ തോത് കുറയുകയും അന്തരീക്ഷം വീണ്ടും വരണ്ടതാകുകയും രാത്രികാല താപനില താഴുകയും ചെയ്യാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വാരാന്ത്യത്തില്‍ ചൂട് ഉയരുമെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗത്തിന് പകരം ചൂടും മഴയും തണുപ്പും മാറിമാറിയെത്തുന്ന കാലാവസ്ഥയായിരിക്കും സെപ്റ്റംബറില്‍ ബ്രിട്ടനില്‍ അനുഭവപ്പെടുകയെന്നാണ് നിലവിലെ പ്രവചനങ്ങള്‍.