Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക !
പോള്‍ ജോണ്‍
ലണ്ടന്‍ : യുകെയില്‍ ഏപ്രില്‍ 21 മുതല്‍ നിലവില്‍ വരുന്ന സ്റ്റുഡന്റ് വിസാ നിയമമാറ്റങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണല്ലോ. എന്നാല്‍ മാറി വരുന്ന വിസാ നിയമങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം എന്നും യുകെയില്‍ ഉണ്ടല്ലോ. ജൂലൈ മുതല്‍ നടപ്പില്‍ വരുന്ന Work Restriction-ന് മുമ്പ് തന്നെ വിസാ എക്‌സ്റ്റെന്റ് ചെയ്ത് Work Restriction-ല്‍ നിന്നും രക്ഷപെടാം എന്ന് വിചാരിക്കുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ യുകെയിലുണ്ട്. ഈ വിഭാഗത്തെ ചൂഷണം ചെയ്യാനാണ് മിക്ക കോളേജുകളും ശ്രദ്ധിക്കുന്നത്. ഏപ്രില്‍ 21 ന് മുമ്പ് തന്നെ പുതിയ കോഴ്‌സിന് അഡ്മിഷന്‍ എടുക്കണമെന്ന് അവര്‍ ശഠിക്കുന്നു. 2011 നവംബര്‍ , ഡിസംബര്‍ വരെയൊക്കെ വിസകളുള്ള വിദ്യാര്‍ത്ഥികളാണ് ഈ കോളേജുകളുടെ വാര്‍ത്തകള്‍ ശ്രവിച്ച് അഡ്മിഷന്‍ എടുക്കാന്‍ നെട്ടോട്ടം ഓടുന്നത്. 500 പൗണ്ട് മുതല്‍ 2,000 പൗണ്ട് വരെ CAS letter നല്‍കുന്നതിന് ഈ കോളേജുകള്‍ ചാര്‍ജ്ജ് ചെയ്യുന്നത്.

എന്നാല്‍ , ജൂലൈയ്ക്ക് ശേഷം ഈ കോളേജുകള്‍ നിലവില്‍ ഉണ്ടാകുമോ എന്ന കാര്യം ആര്യം ചിന്തിക്കാറില്ല. അഡ്മിഷന്‍ എടുത്ത കോളേജ് പൂട്ടിപ്പോയാല്‍ കൊടുത്ത കാശ് മാത്രമല്ല നഷ്ടമാകുക , യുകെയില്‍ അനധികൃതമായി തങ്ങി അല്ലെങ്കില്‍ ഇമിഗ്രേഷന്‍ നിയമലംഘനം നടത്തി എന്നീ വിസാ പ്രശ്‌നങ്ങളില്‍ നിങ്ങളും കുടുങ്ങിപ്പോകാം. ടിയര്‍ 4 വിസ തുടങ്ങിയ സമയത്ത് സസ്‌പെന്റ് ചെയ്യപ്പെട്ട പകുതി കോളേജുകള്‍ പോലും തിരികെ വന്നില്ല എന്ന കാര്യം മറക്കാതിരിക്കുക. ഈ കോളേജുകളില്‍ പണം നല്‍കിയവര്‍ക്കെല്ലാം അത് നഷ്ടപ്പെട്ടു എന്ന കാര്യം മാത്രം മിച്ഛം.

ജൂലൈയ്ക്ക് ശേഷം ധാരാളം കോളേജുകള്‍ നിന്നുപോകുവാന്‍ സാധ്യതയുണ്ട്. കാരണം, ജൂലൈ 2011ന് ശേഷം പ്രൈവറ്റ് കേളേജുകളില്‍ അഡ്മിഷന്‍ എടുത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ പ്രൈവറ്റ് കോളേജുകളില്‍ ജൂലൈയ്ക്ക് ശേഷം വിദേശവിദ്യാര്‍ത്ഥികള്‍ വരാന്‍ സാധ്യത വളരെ കുറവാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിനെ മാത്രം ആശ്രയിച്ചുകഴിയുന്ന ഈ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്ലെങ്കില്‍ അടച്ചുപൂട്ടുക തന്നെ ചെയ്യും. അപ്പോള്‍ അവയില്‍ ഇപ്പോള്‍ ജോയിന്റ് ചെയ്യുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ ?

എന്തിനാണ് ഏപ്രില്‍ 21ന് മുമ്പ് അഡ്മിഷന്‍ എടുക്കാന്‍ കോളേജുകള്‍ നിര്‍ബന്ധിക്കുന്നത് ?

ഏപ്രില്‍ 21 കഴിഞ്ഞാല്‍ Highly Trusted അല്ലാത്ത കോളേജുകളുടെ CAS issue ചെയ്യാനുള്ള അംഗീകാരം യുകെബിഎ വെട്ടിക്കുറയ്ക്കും. ഇപ്പോള്‍ 500 വിദ്യാര്‍ത്ഥികളെ എടുക്കാവുന്ന ഒരു കോളേജിന് ഏപ്രില്‍ 21 കഴിഞ്ഞാല്‍ 100 വിദ്യാര്‍ത്ഥികളെയെങ്കിലും എടുക്കാനുള്ള അനുമതി ലഭിച്ചാല്‍ ഭാഗ്യമെന്ന് കരുതാം. അപ്പോള്‍ 21ന് മുമ്പ് കൈവശമുള്ള CAS എല്ലാം issue ചെയ്ത് പണം നേടിയെടുക്കാം എന്ന കോളേജുകളുടെ ദുര്‍മോഹത്തെ എങ്ങിനെ തടയാനാവും. B rated കോളേജുകളുടെ കാര്യമാണ് ഇതിലും കഷ്ടം. ഏപ്രില്‍ 21 കഴിഞ്ഞാല്‍ അവര്‍ക്ക് പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് CAS issue ചെയ്യാനേ സാധിക്കുകയില്ല. ഇങ്ങിനെ പോയാല്‍ അവര്‍ അടച്ചുപൂട്ടുക തന്നെ ചെയ്യും.

കോളേജുകള്‍ കോടതിയില്‍ പോയാല്‍ എന്തുചെയ്യും ?

തങ്ങളെല്ലാം ഹൈക്കോടതിയില്‍ കേസ് നല്‍കും എന്ന മുടന്തന്‍ ന്യായമാണ് എല്ലാ കോളേജുകള്‍ക്കും പറയുവാനുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ ഇമിഗ്രേഷന്‍ നിയമത്തിനും ഹൈക്കോര്‍ട്ട് സ്‌റ്റേ നല്‍കുന്ന സാഹചര്യം വളരെ വിരളമാണ്. കേസ് നടത്തി എന്തെങ്കിലും തീര്‍പ്പ് ലഭിക്കാന്‍ ചുരുങ്ങിയത് 6 മാസമെങ്കിലും വേണം. അതുവരെ ഈ കോളേജുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പണശ്രോതസ്സ് തുച്ഛം.

വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?

അഡ്മിഷന്‍ എടുക്കുകയാണെങ്കില്‍ Highly trusted കോളേജുകളില്‍ മാത്രം എടുക്കാന്‍ ശ്രദ്ധിക്കുക. ഭംഗിയായി പ്രവര്‍ത്തിക്കുന്നുവെന്ന reputation ഉള്ള A rated കോളേജുകളിലും ചേരാവുന്നതാണ്. B rated കോളേജുകളെ ഒഴിവാക്കുക. പ്രൈവറ്റ് കോളേജുകളില്‍ നല്‍കുന്ന ഫീസില്‍ തന്നെ യൂണിവേഴ്‌സിറ്റികളിലും ചെറിയ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിക്കാവുന്നതാണ്. അതിനാല്‍ നവംബര്‍ വരെ വിസയുള്ള വിദ്യാര്‍ത്ഥികള്‍ എടുത്തുചാടാതെ യൂണിവേഴ്‌സിറ്റികളിലും പ്രൈവറ്റ് കോളേജുകളിലും സെപ്റ്റംബര്‍ അഡ്മിഷന് ശ്രമിക്കുക.

ചൂഷണം ചെയ്യുന്നവരുടെ വലയില്‍ വീഴാതെ ശ്രദ്ധിക്കുക !
 
Other News in this category

 
 




 
Close Window