സന്ദര്‍ശക വിസകള്‍ക്കും, സ്റ്റുഡന്റ് വിസകള്‍ക്കുമാണ് പ്രധാനമായി ഫീസ് വര്‍ദ്ധന വരുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യുകെയിലേക്ക് പഠിക്കാനും, ചേക്കേറാനും ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ഫീസ് വര്‍ദ്ധനവുകള്‍ തിരിച്ചടിയാണ്. പുതിയ ഫീസ് ഘടന പ്രകാരം ആറ് മാസത്തില്‍ താഴെ താമസം അനുവദിക്കുന്ന വിസിറ്റ് വിസയ്ക്ക് 15 പൗണ്ട് അധികം ചെലവ് വരും. എന്നാല്‍ സ്റ്റുഡന്റ് വിസകള്‍ക്ക് 127 പൗണ്ടിന്റെ വര്‍ദ്ധനവാണ് വന്നുചേരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഒക്ടോബര്‍ 4 മുതല്‍ വിസയ്ക്കായി ശ്രമിക്കുമ്പോള്‍ ഈ ഫീസ് വര്‍ദ്ധന നേരിടേണ്ടി വരും. വെള്ളിയാഴ്ച നിയമമമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അനുമതി നേടിയതോടെയാണ് ഈ മാറ്റങ്ങള്‍ നിലവില്‍ വരുമെന്ന് യുകെ ഹോം ഓഫീസ് സ്ഥിരീകരിച്ചത്. ഇതോടെ ആറ് മാസത്തില്‍ താഴെയുള്ള വിസിറ്റ് വിസയ്ക്ക് 115 പൗണ്ടാണ് ഫീസ് നല്‍കേണ്ടി വരിക. യുകെയ്ക്ക് പുറത്ത് നിന്നുമുള്ള സ്റ്റുഡന്റ് വിസയ്ക്ക് 490 പൗണ്ടും അടയ്ക്കേണ്ടി വരും. ബ്രിട്ടനിലെ പബ്ലിക് സെക്ടര്‍ മേഖലയ്ക്ക് നല്‍കുന്ന ശമ്പളവര്‍ദ്ധനയ്ക്കുള്ള ചെലവുകള്‍ കണ്ടെത്താനാണ് രാജ്യത്തെ വിസ ഫീസുകളില്‍ വര്‍ദ്ധന നടപ്പാക്കുന്നതെന്ന് ജൂലൈയില്‍ പ്രധാനമന്ത്രി സുനാക് പ്രഖ്യാപിച്ചിരുന്നു. വിസാ ഫീസിന് പുറമെ എന്‍എച്ച്എസിലേക്ക് നല്‍കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. വര്‍ക്ക്, വിസിറ്റ് വിസകളുടെ ചെലവുകളില്‍ 15% വര്‍ദ്ധന വരുമ്പോള്‍ സ്റ്റഡി വിസ, സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ് പോലുള്ള പ്രയോറിറ്റി വിസകള്‍ക്ക് 20 ശതമാനമെങ്കിലും നിരക്ക് വ്യത്യാസം വരുമെന്ന് ഹോം ഓഫീസ് സൂചിപ്പിക്കുന്നു. ഹെല്‍ത്ത് & കെയര്‍ വിസ, ബ്രിട്ടീഷ് പൗരത്വം രജിസ്റ്റര്‍ ചെയ്യാനും, സ്വാഭാവികമാക്കാനുമുള്ള ആപ്ലിക്കേഷന്‍, വിവിധ കാലയളവുകളിലെ വിസിറ്റ് വിസ, എന്‍ട്രി ക്ലിയറന്‍സ്, ലീവ് ടു റിമെയിന്‍, പഠിക്കാന്‍ സ്വീകരിച്ചതിനുള്ള സ്ഥിരീകരണം തുടങ്ങിയവയ്ക്കെല്ലാം ഫീസ് വര്‍ദ്ധിക്കും.