Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സത്യഗ്രഹത്തിന്
reporter
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പതിനേഴിന് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ സത്യഗ്രഹമിരിക്കുന്ന നഴ്‌സുമാര്‍ 21 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കലേക്കു സമരം മാറ്റും.

സുപ്രീം കോടതിയും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളും നിര്‍ദേശിച്ച ശമ്പളം പ്രഖ്യാപിക്കും വരെ ഒന്നര ലക്ഷത്തിനടുത്തു നഴ്‌സുമാര്‍ സെക്രട്ടേറിയറ്റ് വളയുന്ന വിധം സമരം നടത്താനാണു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരിക്കുന്നതെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) പ്രസിഡന്റ് ജാസ്മിന്‍ഷാ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാരിനു ചെയ്യാനുള്ളതെല്ലാം ചെയ്‌തെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. തിങ്കളാഴ്ച മുതല്‍ ആശുപത്രികളുടെ സേവനം അടച്ചിടുമെന്നു മാനേജ്‌മെന്റുകളും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ മൂന്നിലൊന്ന് നഴ്‌സുമാരെ ആശുപത്രികളില്‍ നിലനിര്‍ത്തി പണിമുടക്കണമെന്ന തീരുമാനത്തില്‍നിന്നു പിന്മാറി മുഴുവന്‍ നഴ്‌സുമാരെയും തെരുവിലിറക്കി സമരം ശക്തമാക്കും.


അടിസ്ഥാന ശമ്പളം 15,600 രൂപയാക്കാനാണു മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയുടെ തീരുമാനം. ഇതു ലഭ്യമാകുന്നതു ഗ്രേഡ ്8 തസ്തികയില്‍ ജോലിയെടുക്കുന്നവര്‍ക്കാണ്. നഴ്‌സിങ് മേഖലയില്‍ അടിസ്ഥാന വിഭാഗമായ ഗ്രേഡ്2 ല്‍പ്പെടുന്ന നഴ്‌സിനു ലഭിക്കുന്നത് 17,200 രൂപയാണ്.

നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ജീവിതനിലവാര സൂചിക പരിപൂര്‍ണമായും ഈ ശമ്പളത്തിലേക്ക് ലയിപ്പിച്ചിരിക്കുന്നു. ഇതിനുപുറമേ, ആശുപത്രി മാനേജ്‌മെന്റുകള്‍ പിടിക്കുന്ന താമസം, ഭക്ഷണം, ഡ്രസ് ക്ലീനിങ്, യൂണിഫോം, പ്രതിരോധ കുത്തിവയ്പ് തുടങ്ങി വിവിധ പേരുകളിലുള്ള ആയിരക്കണക്കിന് രൂപ കൂടി ഇല്ലാതാകുന്നതോടെ ഈ തുക 11,000 മുതല്‍ 13,000 രൂപയിലേക്ക് ചുരുങ്ങും.

ഇതില്‍നിന്ന് നഴ്‌സുമാര്‍ അവരുടെ പി.എഫിലേക്കും ഇ.എസ്.ഐയിലേക്കുമുള്ള വിഹിതം കൂടി അടച്ചുകഴിഞ്ഞാല്‍ കൈയില്‍ കിട്ടുന്നതു പതിനായിരത്തിലും താഴെയാവും.

ആരോഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വസ്തുതകള്‍ മനസിലാക്കി നഴ്‌സുമാര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ജാസ്മിന്‍ഷാ പറഞ്ഞു. മുന്‍കാലങ്ങളില്‍ തങ്ങള്‍ക്കൊപ്പം നിന്ന മുഖ്യമന്ത്രി പിണറായി വിജയനും വസ്തുതകള്‍ മനസിലാക്കി നഴ്‌സുമാര്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റുകള്‍ അടച്ചിടുന്ന സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ പിടിച്ചെടുത്താല്‍ അവിടങ്ങളില്‍ സൗജന്യസേവനം നടത്താന്‍ മുണ്ടശേരി ഹാളില്‍ നടന്ന യു.എന്‍.എ. ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഴ്‌സിങ് മേഖലയിലെ അടിസ്ഥാന തസ്തികയില്‍ ജോലിയെടുക്കുന്ന സ്റ്റാഫ് നഴ്‌സിന് മുഴുവന്‍ ആനുകൂല്യങ്ങളും നിലനിര്‍ത്തി 20,000 രൂപ ശമ്പളമായി അനുവദിക്കുന്ന മാനേജ്‌മെന്റുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജാസ്മിന്‍ഷാ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എം. വി. സുധീപ്, രക്ഷാധികാരി വത്സന്‍ രാമംകുളത്ത്, ട്രഷറര്‍ ബിബിന്‍ എന്‍. പോള്‍, വൈസ് പ്രസിഡന്റുമാരായ സുജനപാല്‍ അച്യുതന്‍, സിബി മുകേഷ്, അനീഷ് മാത്യു വേരനേനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
Other News in this category

 
 




 
Close Window