സദാചാര പൊലീസ് ചമഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചില അധ്യാപകര്‍. കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കരുതെന്ന് ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ വിലക്ക് ലംഘിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അപമാനിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ അന്വേഷണത്തിനു ശേഷം നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് കോളേജ് യൂണിയന് സംഘടിപ്പിച്ച സെമിനാറിന് ശേഷം പതിവിന് വിപരീതമായി ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരുന്നു. ഇത് ഒരു വിഭാഗം മുതിര്‍ന്ന അധ്യാപകരെ ചൊടിപ്പിച്ചു. ഇടകലര്‍ന്നിരുന്നാല്‍ പഠിപ്പിക്കാനാവില്ലെന്ന് അവര്‍ നിലപാടെടുത്തുവെന്നാണ് പരാതി. ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ഒരുമിച്ചിരുന്നാല്‍ ഏകാഗ്രത നഷ്ടപ്പെടുമെന്നും ഇതു തുടര്‍ന്നാല്‍ മാര്‍ക്ക് നല്‍കില്ലെന്നും അധ്യാപകര്‍ നിലപാടെടുത്തതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
വിഷയത്തില്‍ ഒരു പിജി വിദ്യാര്‍ഥിനി ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ലൈക്ക് ചെയ്തവരെ അധ്യാപകര്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പിന്‍സിപ്പല്‍ നല്കുന്ന വിശദീകരണം. |