|
പീഡനക്കേസില്‍ പ്രതിയായി രാജ്യം വിട്ട ആള്‍ദൈവം നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്‌പോര്‍ട്ടിനായി നിത്യാനന്ദ നല്‍കിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മുതല്‍ കാണാതായ നിത്യാനന്ദയെ പിടികൂടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു.
നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഞങ്ങള്‍ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. പൊലീസില്‍നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയുമായും മുന്നോട്ടുപോകാന്‍ സാധിക്കില്ല. നിത്യാനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കാന്‍ വിദേശരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും രവീഷ് കുമാര്‍ പ്രതികരിച്ചു.
പീഡനക്കേസില്‍ കുറ്റാരോപിതനായ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നും കഴിഞ്ഞ ദിവസമാണു റിപ്പോര്‍ട്ടുകള്‍ വന്നത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും അനുയായികളുള്ള നിത്യാനന്ദ യൂട്യൂബ് പേജ് വഴി അനുയായികള്‍ക്കായി പ്രത്യേക പദ്ധതി തന്നെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 'കൈലാസ' എന്നാണ് 'സ്വന്തം രാജ്യത്തെ' നിത്യാനന്ദ വിളിക്കുന്നത്. അതിരുകളില്ലാത്ത ഹിന്ദു രാജ്യമാണ് കൈലാസയെന്നാണു വാദം. |