Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
സംഗീത വിരുന്നൊരുക്കിയ 'ലിറ്റില്‍ ഏയ്ഞ്ചല്‍സി'ന് പ്രേഷകരുടെ അഭിനന്ദന പ്രവാഹം
കുര്യന്‍ ജോര്‍ജ്
തകര്‍പ്പന്‍ പ്രകടനവുമായി ലിറ്റില്‍ ഏയ്ഞ്ചല്‍സ് യുക്മ സാംസ്‌കാരിക വേദിയുടെ 'LET'S BREAK IT TOGETHER' ല്‍ നടത്തിയ കലാ സായാഹ്നത്തിന് ലോകമെമ്പാടുമുള്ള കലാസ്വാദകരില്‍ നിന്നും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം....കോവിഡ് 19 എന്ന മഹാമാരിക്ക് മുന്‍പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ആദരവും പിന്തുണയും അറിയിച്ച് കൊണ്ടുള്ള യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച് ലിറ്റില്‍ ഏയ്ഞ്ചല്‍സ് യു കെ യ്ക്ക് പ്രേക്ഷകരുടെ മനം കവര്‍ന്നു.

യു.കെ യിലെ സുപ്രസിദ്ധ മ്യൂസിക് ബാന്റായ ലിറ്റില്‍ ഏയ്ഞ്ചല്‍സിന്റെ തകര്‍പ്പന്‍ പ്രകടനം പതിനായിരക്കണക്കിന് പ്രേക്ഷകരാണ് ഇതിനോടകം ആസ്വദിച്ചത്. ജെന്‍ പിപ്പ്‌സ് തങ്കത്തോണി, ജെം പിപ്പ്‌സ് തങ്കത്തോണി, ഡോണ്‍ പിപ്പ്‌സ് തങ്കത്തോണി എന്നീ സഹോദരിമാര്‍ ചേര്‍ന്ന് നടത്തിയ ലൈവ് ഷോ തുടക്കം മുതല്‍ അവസാനം വരെ അതി മനോഹരമായിരുന്നു.

വയലിന്‍, കീ ബോര്‍ഡ്, കീറ്റാര്‍, ഡ്രംസ്, തബല എന്നിങ്ങനെ നിരവധി സംഗീതോപകരണങ്ങളുടെ സഹായത്തോടെ ലിറ്റില്‍ ഏയ്ഞ്ചല്‍സ് പാടിയ വിവിധ ഭാഷകളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ നിറഞ്ഞ മനസ്സോടെ കാണികള്‍ ഏറ്റെടുത്തതിന്റെ തെളിവായിരുന്നു ലൈവില്‍ വന്ന നൂറ് കണക്കിന് അനുമോദന കമന്റുകള്‍. യു കെ യില്‍ അങ്ങോളമിങ്ങോളം നൂറ് കണക്കിന് വേദികളില്‍ നിറഞ്ഞാടിയിട്ടുള്ള ലിറ്റില്‍ ഏയ്ഞ്ചല്‍സ് യു കെ 'LET'S BREAK IT TOGETHER' ന്റെ പ്രേക്ഷകരെ തങ്ങളുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ആനന്ദ സാഗരത്തിലാറാടിച്ചു. പഠനത്തിനും സംഗീതത്തിനും നൃത്തത്തിനും ഒരേ പ്രാധാന്യം നല്‍കി മുന്നോട്ട് പോകുന്ന ഈ കൌമാര പ്രതിഭകളുടെ ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന കലാവിരുന്ന് 'LET'S BREAK IT TOGETHER' ഷോയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചുവെന്ന് നിസ്സംശയം പറയാം. സമാപന ഗാനത്തിന് മുന്‍പായി ലൈവില്‍ എത്തിയ മാതാപിതാക്കള്‍ ഡോ. പിപ്പ്‌സ് ജോസഫ് തങ്കത്തോണിയും ജിജി പിപ്പ്‌സും ലിറ്റില്‍ ഏയ്ഞ്ചല്‍സിന് ഇങ്ങനെയൊരു അവസരം ഒരുക്കിയ യുക്മയ്ക്കും യുക്മ സാംസ്‌കാരിക വേദിക്കും നന്ദി പറഞ്ഞു. യുക്മ കലാമേളകളിലൂടെയാണ് തന്റെ മക്കള്‍ മൂന്ന് പേരും വേദികളിലേയ്ക്ക് എത്തിയതെന്നുള്ള കാര്യം എടുത്ത് പറഞ്ഞ ഡോ. പിപ്പ്‌സ്, വളര്‍ന്ന് വരുന്ന കലാ പ്രതിഭകള്‍ക്ക് വേണ്ടി യുക്മ ഒരുക്കുന്ന എല്ലാ അവസരങ്ങള്‍ക്കും നന്ദി പറഞ്ഞു.

എല്ലാ സ്റ്റേജ് ഷോകളിലും പിന്‍ നിരയില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട ഉപകരണ സംഗീത വിഭാഗത്തിന്, അതും കുട്ടികള്‍ക്കായി ഇത് പോലൊരു ലൈവ് ഷോ സംഘടിപ്പിച്ചതിന് യുക്മ സാംസ്‌കാരിക വേദിക്ക് ഡോ. പിപ്പ്‌സ് ജോസഫ് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ ബര്‍മിംങ്ഹാമിലാണ് ഈ കുടുംബം താമസിക്കുന്നത്.

ലിറ്റില്‍ ഏയ്ഞ്ചല്‍സിന് എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ച യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ 'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക് ഉറച്ച പിന്തുണ നല്‍കുന്ന ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.
 
Other News in this category

 
 




 
Close Window