Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
ബാംഗ്ളൂരിലെ മാക്സ് വെല്‍ സഹോദരങ്ങള്‍ തീര്‍ത്ത വാദ്യ സംഗീതത്തോടെ 'Let's Break It Together' ന്, ഉജ്ജ്വല സമാപനം
കുര്യന്‍ ജോര്‍ജ്
കോവിഡ് 19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' സമാപന ദിവസമായിരുന്ന ഇന്നലെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ബാംഗ്ളൂര്‍ നിന്നുള്ള മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍ സഹോദരങ്ങള്‍ ചേര്‍ന്നൊരുക്കിയത് സര്‍ഗ്ഗ സംഗീതത്തിന്റെ മനോഹര നിമിഷങ്ങള്‍. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ കുട്ടികള്‍ പാടിയത് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. 'Let's Break It Together' ലൈവ്ഷോയുടെ സമാപന ലൈവിന് മാക്സ് വെല്‍ സഹോദരങ്ങള്‍ ഒരുക്കിയത് വാദ്യ സംഗീതത്തിന്റെ വിസ്മയച്ചെപ്പ് തുറന്ന ഉജ്ജ്വല കലാ വിരുന്ന്. സംഗീതത്തിന്റെ വിസ്മയ വേദിയില്‍ പിയാനോ, കീബോര്‍ഡ്, വയലിന്‍, ഗിറ്റാര്‍, മെലോഡിക്ക എന്നീ സംഗീതോപകരണങ്ങളാല്‍ ദേവ സംഗീതം പൊഴിച്ച കുട്ടികള്‍ ലോകമെമ്പാടുമുള്ള 'Let's Break It Together' പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ഏറ്റ് വാങ്ങി. അതി മനോഹരങ്ങളായ ഓണപ്പാട്ടുകളും ഏറെ പ്രശസ്തമായ സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളും കോര്‍ത്തിണക്കി രാഗമാല തീര്‍ത്ത ഷോ ഒന്നര മണിക്കൂറിലേറെ നീണ്ട് നിന്നു. മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍ സഹോദരങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന് പാടിയ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ലൈവില്‍ തുടര്‍ന്ന് കുട്ടികള്‍ പാടിയത് 'മാവേലി നാട് വാണീടും കാലം' എന്ന എല്ലാ മലയാളികളും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഓണപ്പാട്ടായിരുന്നു. 'ചിന്ന ചിന്ന ആശൈ' മിഖായേല്‍ വയലിനിലും ഗബ്രിയേല്‍ കീബോര്‍ഡിലും ഏറെ ഭംഗിയോടെ വായിച്ചതിനെ തുടര്‍ന്ന് 'തുഛെ ദേഖാ തൊ യേ ജാനാ സനം' ഗബ്രിയേല്‍ വളരെ നന്നായി കീബോര്‍ഡില്‍ വായിച്ചു.

' യു ആര്‍ ഫീല്‍ വിത് കംപാഷന്‍' എന്ന ഗാനം വളരെ മനോഹരമായി മിഖായേല്‍ ഗിറ്റാര്‍ വായിച്ച് പാടിയപ്പോള്‍ ഫ്രോസന്‍ 2 എന്ന ചിത്രത്തിലെ 'ആള്‍ ഈസ് ഫൌണ്ട്' റഫായേല്‍ മെലോഡിക്കയിലും മിഖായേല്‍ കീബോര്‍ഡിലും അതി മനോഹരമായി വായിച്ചു.

പിയാനോ, കീബോര്‍ഡ്, വയലിന്‍, ഗിറ്റാര്‍ എന്നീ സംഗീതോപകരണങ്ങള്‍ മാറി മാറി വായിച്ച മിഖായേല്‍ 'തന്നന്നം താനന്നം താളത്തിലാടി', 'ഒന്നാം രാഗം പാടി', 'ശ്യാമ മേഘമേ', 'റൌഡി ബേബി', 'പാപ്പാ കെഹ്തേ ഹെ ബഡാ നാം കരേഗ',

'പൂം കാറ്റിനോടും കിളികളോടും', 'ഗോഡ് വില്‍ മെയ്ക് എ വേ',

'തുമ്പീ വാ തുമ്പക്കുടത്തിന്‍' എന്നീ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ അതി മനോഹരമായി വായിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു.

'സാംബാ നൈറ്റ്', 'തും ഹി ഹോ', എന്നീ ഗാനങ്ങള്‍ ഗബ്രിയേല്‍ കീബോര്‍ഡില്‍ വളരെ നന്നായി വായിച്ചപ്പോള്‍, 'ലെറ്റ് ഇറ്റ് ഗോ', മലയാളത്തിലെ ആദ്യ 3 D സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ 'ആലിപ്പഴം പെറുക്കാന്‍' എന്ന കുട്ടികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനം എന്നിവ തന്റെ മധുര ശബ്ദത്തില്‍ പാടിയ റഫായേല്‍ ആസ്വാദകരുടെ പ്രിയങ്കരിയായി മാറി. റഫായേല്‍ പാടി മിഖായേല്‍ കീബോര്‍ഡില്‍ വായിച്ച 'എവരിതിങ് ഐ ആം' എന്ന ഗാനത്തെ തുടര്‍ന്ന് 'ബ്ളെസ്സ്ഡ് ലോര്‍ഡ് ഓഫ് മൈ സോള്‍' എന്ന ഗാനം മിഖായേല്‍ ഗിറ്റാര്‍ വായിച്ച് പാടിയപ്പോള്‍ ഗബ്രിയേല്‍ കീബോര്‍ഡില്‍ കൂട്ട് ചേര്‍ന്നു. മിഖായേല്‍ ഗിറ്റാറിലും ഗബ്രിയേല്‍ കീബോര്‍ഡിലും ചേര്‍ന്ന് വായിച്ച 'പൈതലാം യേശുവേ' എന്ന ഏറെ പ്രശസ്തമായ ക്രിസ്തുമസ്സ് ഗാനം പാടിയപ്പോള്‍, നദി എന്ന ചിത്രത്തിലെ 'നിത്യ വിശുദ്ധയാം കന്യാമറിയമേ' എന്ന ഗാനം റഫായേല്‍ കീബോര്‍ഡിലും മിഖായേല്‍ വയലിനിലും വായിച്ചു. 'അന്ത്യകാല അഭിഷേകം' എന്ന ഗാനം മിഖായേല്‍ കീബോര്‍ഡിലും ഗബ്രിയേല്‍ മെലോഡിക്കയിലും, 'ഹവാന' എന്ന ഇംഗ്ളീഷ് ഗാനം മിഖായേല്‍ പിയാനോയിലും ഗബ്രിയേല്‍ കീബോര്‍ഡിലും വായിച്ചപ്പോള്‍ ബീഥോവന്റെ സിംഫണിയിലെ ഒരു ഗീതകം കുട്ടികള്‍ മൂന്ന് പേരും ചേര്‍ന്നവതരിപ്പിച്ചു.

ഗായകന്‍, ഗാന രചയിതാവ്, സംഗീത സംവിധായകന്‍, വിവിധ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നയാള്‍, സംഗീതാദ്ധ്യാപകന്‍ എന്നിങ്ങനെ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള പിതാവ് മാക്സ് വെല്‍ കുട്ടികളോടൊപ്പം ചേര്‍ന്ന് പാടിയ 'പൂവിളി പൂവിളി പൊന്നോണമായ്' എന്ന ഗാനം അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കാന്‍ പോന്ന വിധം അതി മനോഹരമായിരുന്നു. മാക്സ് വെല്‍ ഗിറ്റാറിലും മിഖായേല്‍ കീബോര്‍ഡിലും വായിച്ച 'മേരേ സപ്നോം കി റാണി' എന്ന നൊസ്റ്റാള്‍ജിക് ഗാനം അതീവ ഹൃദ്യമായിരുന്നു.

ഏറെ പ്രശസ്തങ്ങളായ ഗാനങ്ങള്‍ കോര്‍ത്തിണക്കി മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍ സഹോദരങ്ങള്‍ അവതരിപ്പിച്ച ലൈവ്ഷോ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചു എന്നതിന്റെ തെളിവായിരുന്നു ലൈവില്‍ വന്ന നൂറ് കണക്കിന് കമന്റുകള്‍.

ലൈവില്‍ അവതാരകയായി വന്ന, കുട്ടികളുടെ അമ്മ കൂടിയായ ബിന്‍സി ജേക്കബ് തന്റെ ഉത്തരവാദിത്വം വളരെ നന്നായി നിര്‍വ്വഹിക്കുകയും മാക്സ് വെല്ലിനോടും മക്കളോടും ഒപ്പം ചേര്‍ന്ന് ലൈവിലെ അവസാന ഗാനമായ 'വരുന്നു ഞങ്ങള്‍ തൊഴുന്നു ഞങ്ങള്‍' അതി മനോഹരമായി പാടി പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

അനുപമ സംഗീത ലഹരിയില്‍ ആസ്വാദകരെ ആറാടിച്ച ഈ കൌമാര പ്രതിഭകളുടെ പ്രകടനം ഇതിനോടകം ആയിരക്കണക്കിന് പ്രേക്ഷകര്‍ കണ്ടു കഴിഞ്ഞു.

'LET'S BREAK IT TOGETHER' ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ ബിന്‍സി കുട്ടികള്‍ക്കായി ഇത് പോലൊരു ലൈവ് ഷോ ഒരുക്കി കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും പിന്തുണക്കുവാനും യുക്മ നേതൃത്വം നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും യുക്മയ്ക്കും യുക്മ സാംസ്‌കാരിക വേദിക്കും നന്ദി അറിയിക്കുകയും ചെയ്തു.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിച്ച 'Let's Break It Together' ല്‍ പങ്കെടുത്ത മുഴുവന്‍ കൌമാര പ്രതിഭകള്‍ക്കും അവരെ അതിനായി പ്രോത്സാഹിപ്പിക്കുകയും ഒരുക്കുകയും ചെയ്ത മാതാപിതാക്കള്‍ക്കും ഗുരുക്കന്‍മാര്‍ക്കും 'ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നല്‍കി വിജയിപ്പിച്ച ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കും യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്യന്‍, യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും 'Let's Break It Together' ലൈവ് ഷോയുടെ പ്രധാന സംഘാടകനുമായ സി എ ജോസഫ്, ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് എന്നിവര്‍ പ്രത്യേകം നന്ദി അറിയിച്ചു.
 
Other News in this category

 
 




 
Close Window