Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
കേരളപ്പിറവി ദിനാഘോഷം: മെഗാ ലൈവ് ഷോയുമായി യുക്മ; ഉത്സവമേളയില്‍ ബ്രിട്ടണിലെ പ്രമുഖ നര്‍ത്തകര്‍
കുര്യന്‍ ജോര്‍ജ്
കേരളപിറവി ദിനാഘോഷത്തിന് യുക്മ അണിയിച്ചൊരുക്കുന്ന മെഗാ ലൈവ് ഷോയ്ക്ക് മാറ്റ് കൂട്ടുവാനെത്തുന്നത് ബ്രിട്ടണിലെ അതിപ്രശസ്തരായ ഒരു കൂട്ടം നര്‍ത്തകരാണ്. 2019 യുക്മ ദേശീയ കലാമേളയിലെ കലാപ്രതിഭ ടോണി അലോഷ്യസ്, 2019 യുക്മ ദേശീയ കലാമേളയിലെ കലാതിലകം ദേവനന്ദ ബിബിരാജ്, അമൃത ജയകൃഷ്ണന്‍, ബ്രീസ് ജോര്‍ജ്ജ്, സ്റ്റെഫി ശ്രാമ്പിക്കല്‍, സബിത ചന്ദ്രന്‍, പൂജ മധുമോഹന്‍ എന്നീ അനുഗ്രഹീത നര്‍ത്തകരാണ് നവംബര്‍ ഒന്നിലെ ലൈവ് ഷോയില്‍ അരങ്ങുണര്‍ത്താന്‍ എത്തുന്നത്.

യുക്മ വേദികളിലെ സ്ഥിര സാന്നിദ്ധ്യമായ ടോണി അലോഷ്യസ് യു കെ മലയാളികള്‍ക്ക് സുപരിചിതനായ നര്‍ത്തകനാണ്. 10ാമത് യുക്മ ദേശീയ കലാമേളയിലെ കലാപ്രതിഭയായ ടോണി യു കെ യില്‍ നൂറ് കണക്കിന് വേദികളില്‍ തന്റെ നൃത്ത വൈഭവം തെളിയിച്ചിട്ടുണ്ട്. 2019 ല്‍ ടീന്‍ സ്റ്റാര്‍ ഡാന്‍സ് വിഭാഗത്തില്‍ ലണ്ടന്‍ ഏരിയ ഫൈനലിസ്റ്റായിരുന്നു ടോണി. എന്‍ഫീല്‍ഡില്‍ വെച്ച് നടന്ന യുക്മ ആദരസന്ധ്യയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ടോണിയുടെ നൃത്തം. നൃത്തത്തോടൊപ്പം പിയാനോയിലും ഡ്രംസിലും പരിശീലനം തുടരുന്ന ടോണി, ഈസ്റ്റ് ആംഗ്ളിയയിലെ ലൂട്ടണിലാണ് താമസിക്കുന്നത്.

2019 ലെ പത്താമത് യുക്മ ദേശീയ കലാമേളയിലെ കലാതിലകമായ ദേവനന്ദ ബിബിരാജ് എന്ന കൊച്ചു മിടുക്കി യു കെ മലയാളികള്‍ക്ക് സുപരിചിതയാണ്. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ താമസിക്കുന്ന ബിബിന്‍ രാജിന്റേയും ദീപ്തിയുടേയും മകളായ ദേവനന്ദ തന്റെ നാലാമത്തെ വയസ്സ് മുതല്‍ യുകെയിലെ പ്രശസ്തയായ ഒരു ഗുരുവില്‍ നിന്നും നൃത്തം അഭ്യസിച്ച് തുടങ്ങി. സംഗീതത്തിലും അഭിരുചിയുള്ള ദേവനന്ദ തന്റെ മാതാവില്‍ നിന്ന് തന്നെയാണ് സംഗീതം പഠിക്കുന്നത്. 2017 മുതല്‍ യുക്മ റീജിയണല്‍, നാഷണല്‍ കലാമേളകളിലും സ്പോര്‍ട്സിലും സ്ഥിരം സമ്മാനാര്‍ഹയായ ദേവനന്ദ എന്‍ഫീല്‍ഡില്‍ വെച്ച് നടന്ന യുക്മ ആദരസന്ധ്യയില്‍ കാണികളുടെ സ്നേഹാദരവുകള്‍ ഏറ്റ് വാങ്ങി.

മഹാകവി പ്രൊഫ. ഓ എന്‍ വി കുറുപ്പിന്റെ കൊച്ചുമകള്‍ ആമി എന്ന് വിളിപ്പേരുള്ള അമൃത ജയകൃഷ്ണന്‍ ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നീ നൃത്ത ഇനങ്ങളില്‍ യൂറോപ്പിലെമ്പാടും ഏറെ പ്രശസ്തയാണ്. അതി പ്രഗത്ഭരായ ഗുരുക്കന്‍മാരില്‍ നിന്നും നന്നേ ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ച് തുടങ്ങിയ ആമി നല്ലൊരു നൃത്ത സംവിധായികയും കൂടിയാണ്. ലണ്ടനില്‍ താമസക്കാരിയായ ആമി 'പാദ പ്രതിഷ്ഠ' എന്ന പേരില്‍ അവതരിപ്പിച്ച കുച്ചിപ്പുഡി നൃത്തം 2019 ലെ സൂര്യ ഫെസ്റ്റിവലില്‍ ഏറെ പ്രശംസകള്‍ നേടിയിരുന്നു. 2019 ലെ 'നാട്യ കൌസ്തുഭം' അവാര്‍ഡ് ജേതാവായ ആമി 2016 മുതല്‍ മായാലോക പ്രൊഡക്ഷന്‍സ് എന്ന പെര്‍ഫോമിംഗ് ഗ്രൂപ്പ് രൂപീകരിച്ച് യൂറോപ്പിലുടനീളം നൃത്ത പരിപാടികള്‍ അവതരിപ്പിച്ച് വരുന്നു. 2019 മുതല്‍ അറുപതിലധികം ഭരതനാട്യം നര്‍ത്തകര്‍ ആഴ്ച തോറും ഒത്ത് ചേരുന്ന 'ലണ്ടന്‍ അടവ്' എന്ന നൃത്ത പരിശീലനവും ആമിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നു.

യുകെയിലെ നൃത്തവേദികള്‍ക്ക് ഏറെ സുപരിചിതയാണ് ന്യൂ കാസിലില്‍ നിന്നുള്ള ബ്രീസ് ജോര്‍ജ്ജ്. ഗുരു ബാബു ഭരതാഞ്ജലി, ഗുരു കലൈമാമണി ശ്രീമതി. ചാമുണ്ഡേശ്വരി പാണി എന്നിവരില്‍ നിന്നും തന്റെ നാലാമത്തെ വയസ്സ് മുതല്‍ ഭരതനാട്യം അഭ്യസിച്ച് തുടങ്ങിയ ബ്രീസ്, യശശ്ശരീരനായ മഹാകവി പ്രൊഫ. ഓ എന്‍ വി കുറുപ്പിന്റെ മകള്‍ മായാദേവി കുറുപ്പില്‍ നിന്നും മോഹിനിയാട്ടവും പരിശീലിച്ചു. ജസ്റ്റ് ബോളിവുഡ് നാഷണല്‍ യൂണിവേഴ്സിറ്റി ഡാന്‍സ് കോമ്പറ്റീഷനില്‍ ബെസ്റ്റ് ഫീമെയില്‍ ഡാന്‍സറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബ്രീസ് 2015 ലെ BBC യംഗ് ഡാന്‍സര്‍ ഷോയിലും പങ്കെടുത്തിട്ടുണ്ട്. യു.കെ മലയാളികള്‍ക്ക് സുപരിചിതയായ ബ്രീസ് കഴിഞ്ഞ 12 വര്‍ഷമായി കുട്ടികള്‍ക്ക് ഭരതന്യാട്യത്തിലും ബോളിവുഡ് ഡാന്‍സിലും പരിശീലനം നല്‍കി വരുന്നു.

ഓസ്ട്രിയയിലെ വിയന്നയില്‍ താമസക്കാരിയാണെങ്കിലും യുകെയിലെ കലാ സാംസ്‌കാരിക കൂട്ടായ്മകളിലെ നര്‍ത്തന സാന്നിദ്ധ്യമാണ് സ്റ്റെഫി ശ്രാമ്പിക്കല്‍. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നീ നൃത്ത ഇനങ്ങളില്‍ തന്റെ ആറാമത്തെ വയസ്സ് മുതല്‍ പരിശീലനം നേടി തുടങ്ങിയ സ്റ്റെഫി യുക്മ ദേശീയ കലാമേള, സ്വിറ്റ്സര്‍ലണ്ടിലെ കേളി കലാമേള, ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കണ്‍ടസ്റ്റ് തുടങ്ങിയ വേദികളില്‍ നിന്ന് കലാതിലകപ്പട്ടം ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ലണ്ടനില്‍ ജോലി ചെയ്യുന്ന സ്റ്റെഫി കുട്ടികളെ നൃത്തം പരിശീലിപ്പിക്കുവാനും സമയം കണ്ടെത്തുന്നു.

യുകെയിലെ നൃത്ത വേദികള്‍ക്ക് സുപരിചിതയായ സബിത ചന്ദ്രന്‍ വില്‍റ്റ്ഷയറിലെ സ്വിന്‍ഡനില്‍ താമസിക്കുന്നു. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഗുരു കലാമണ്ഡലം മണി, കലൈമാമണി ശ്രീമതി. രശ്മി മേനോന്‍ എന്നിവരില്‍ നിന്നും ഭരതനാട്യം പഠിച്ച് തുടങ്ങിയ സബിത, പ്രശസ്ത മോഹിനിയാട്ടം ഗുരുവും നര്‍ത്തകിയുമായ ഗോപികാ വര്‍മ്മയില്‍ നിന്നും മോഹിനിയാട്ടവും പരിശീലിച്ചു. യുക്മ റീജിയണല്‍ കലാമേളകളില്‍ വിജയിയായിട്ടുള്ള ഈ അനുഗ്രഹീത നര്‍ത്തകി ഹെബ്ഡന്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ ഉള്‍പ്പടെ നിരവധി ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

യുകെയിലെ യുവ നര്‍ത്തകരില്‍ ഏറെ ശ്രദ്ധേയയാണ് പൂജ മധുമോഹന്‍. വെയില്‍സിലെ ന്യൂ പോര്‍ട്ടില്‍ താമസിക്കുന്ന മധുമോഹന്‍ ഗുരു ജിഷ ദമ്പതികളുടെ മകളാണ് പൂജ. അഞ്ചാമത്തെ വയസ്സ് മുതല്‍ ഭരതനാട്യം പഠിക്കുന്ന പൂജ തന്റെ മാതാവായ ഗുരു ജിഷയില്‍ നിന്നുമാണ് പരിശീലനം നേടുന്നത്. നല്ലൊരു ഗായിക കൂടിയായ പൂജ കര്‍ണാടക സംഗീതത്തില്‍ അഡ്വാന്‍സ്ഡ് ഡിപ്ളോമ പൂര്‍ത്തിയാക്കി. ഭരതനാട്യത്തില്‍ ഡിപ്ളോമ പരിശീലനം തുടരുന്ന പൂജ കര്‍ണാടക സംഗീതത്തില്‍ 'കലാ ജ്യോതി' അവാര്‍ഡ് ജേതാവ് കൂടിയാണ്. യുക്മ കലാമേളകള്‍ ഉള്‍പ്പടെ നിരവധി കലാമേളകളില്‍ സമ്മാനാര്‍ഹയായ പൂജ നല്ലൊരു കര്‍ണാടിക് വയലിനിസ്റ്റ് കൂടിയാണ്.

യുകെയിലെയും യൂറോപ്പിലെയും നൃത്തവേദികളെ നടന വൈഭവം കൊണ്ട് കീഴടക്കിയ ഈ യുവ നര്‍ത്തകര്‍ യുക്മ ലൈവില്‍ വൈവിധ്യമാര്‍ന്ന നൃത്ത ചുവടുകളുമായി അണി നിരക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു നവ്യാനുഭവമായിരിക്കും.

2000 വര്‍ഷത്തിലധികം പഴക്കമുള്ള മലയാള ഭാഷ, ശ്രേഷ്ഠ ഭാഷ പദവിയെന്ന (Classical language status) അപൂര്‍വ്വ അംഗീകാരം നേടി വളര്‍ച്ചയുടെ പാതയില്‍ മുന്നോട്ട് കുതിക്കുമ്പോള്‍ ഏതൊരു മലയാളിയുടേയും അന്തരംഗം അഭിമാന പൂരിതമാകും എന്ന് നിസ്സംശയം പറയാം. മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുവാന്‍ പോന്നവിധമുള്ള ഒരാഘോഷം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് യുക്മ ദേശീയ നേതൃത്വം.

യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍, യുക്മ കേരളപിറവി ദിനാഘോഷം ഒരു ചരിത്ര സംഭവമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

യുക്മ കലാഭൂഷണം പുരസ്‌കാര ജേതാവും യുകെയിലെ നൃത്ത കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ദീപ നായര്‍ ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുമ്പോള്‍ ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കുന്നത് യുകെയിലെ പ്രശസ്തമായ റെക്സ് ബാന്‍ഡിലെ റെക്സ് ജോസാണ്. യുക്മ കേരളപിറവി ദിനാഘോഷങ്ങളിലേക്ക് ഏവരേയും യുക്മ ദേശീയ സമിതി സാദരം സ്വാഗതം ചെയ്തു.
 
Other News in this category

 
 




 
Close Window