Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
Reporter
ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാദ്ധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണം. കേരളത്തിലെ എല്ലാ ജില്ലകളും പ്രത്യേകിച്ച് മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും സിക്ക വൈറസിനെതിരെ പ്രത്യേക കരുതല്‍ എടുക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയിലെ ആദ്യ മാസങ്ങളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജന്മനായുള്ള വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുക് കടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും പ്രധാന സുരക്ഷാ മാര്‍ഗം. ഇതിന് പുറമേ ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പകരാം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രായമാവരും കുട്ടികളും ശ്രദ്ധിക്കേണ്ടതാണ്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്.

കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനം. ഈഡിസ് കൊതുകുകളുടെ മുട്ടകള്‍ക്ക് ഒരു വര്‍ഷം വരെ ജീവിക്കാനാകും. ഇവയ്ക്ക് മുട്ടയിട്ടു വളരുന്നതിന് വളരെ കുറച്ച് വെള്ളം മതിയാകും. അതിനാലാണ് വെള്ളം കെട്ടിനിര്‍ത്തരുത് എന്ന് പറയുന്നത്. കൊതുകുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഓരോരുത്തര്‍ക്കും പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരുവാന്‍ സാദ്ധ്യതയുള്ള ചെറിയ അളവ് ശുദ്ധജലം പോലും കെട്ടിക്കിടക്കുന്ന ബക്കറ്റുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ മുതലായവ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കേണ്ടതാണ്.

ലോക്ക് ഡൗണ്‍ കാലയളവില്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളില്‍ കൊതുക് ധാരാളമായി മുട്ടയിട്ട് പെരുകാന്‍ സാദ്ധ്യതയുണ്ട്. മാര്‍ക്കറ്റുകളില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികള്‍, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വെയ്ക്കുകയോ ചെയ്യുണം.

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ജനാലകളും വാതിലുകളും അടച്ചിടുക, ജനാലകള്‍ക്കും വാതിലുകള്‍ക്കും കൊതുകുവലകള്‍ ഉപയോഗിക്കുക, പകല്‍ ഉറങ്ങുമ്പോള്‍ പോലും കൊതുകുവല ഉപയോഗിക്കുക എന്നിവ പ്രധാനമാണ്. വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാദ്ധ്യതയുള്ളതിനാല്‍ അവ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടതാണെന്നും വീണാ ജോര്‍ജ് അറിയിച്ചു.
 
Other News in this category

 
 




 
Close Window