ബ്രിട്ടനില്‍ സൂപ്പര്‍ ഫ്‌ലൂ സീസണ്‍ പ്രതീക്ഷകള്‍ മറികടന്ന് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചുമയും തുമ്മലും നേരിടുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മേധാവികള്‍ ഉപദേശിച്ചു. മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടുള്ള ജോലിക്കാര്‍ വീട്ടില്‍ തന്നെ തുടരണമെന്നും നിര്‍ദ്ദേശം.
ഈ നിര്‍ദ്ദേശത്തിന് നം.10 പിന്തുണ അറിയിച്ചെങ്കിലും, കോവിഡ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക് നയിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ടോറി നേതാവ് കെമി ബാഡെനോക് മുന്നറിയിപ്പ് നല്‍കി. കോവിഡ് കാലത്ത് ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച നടപടികള്‍ തിരിച്ചെത്തിക്കേണ്ട സാഹചര്യമാണെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് പ്രൊവൈഡേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഡാനിയേല്‍ എല്‍കെലെസ് വ്യക്തമാക്കി.
സാധാരണയേക്കാള്‍ നേരത്തെ എത്തിയ ഫ്‌ലൂ സ്ട്രെയിന്‍ വളരെ വേഗത്തില്‍ പടരുന്നതും, സ്‌കൂളുകള്‍ അടയ്‌ക്കേണ്ടി വരുന്നതുമായ സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മാസ്‌ക് ധരിച്ച് നടന്ന ബുദ്ധിമുട്ടുകള്‍ വീണ്ടും തിരികെ വരുന്നതായി ബാഡെനോക് വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇത്തരം നടപടികള്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും, ആളുകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനിക്കാമെന്നും ടോറി നേതാവ് അഭിപ്രായപ്പെട്ടു.
രൂപമാറ്റം സംഭവിച്ച ഇന്‍ഫ്‌ലുവെന്‍സ എ സ്ട്രെയിനാണ് സൂപ്പര്‍ ഫ്‌ലൂ സൃഷ്ടിക്കുന്നത്. ഇംഗ്ലണ്ടില്‍ കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത് ഈ സ്ട്രെയിനാണ്. എന്നാല്‍ ഈ വര്‍ഷത്തെ വാക്സിന്‍ ഇതിനെതിരെ നല്ല സുരക്ഷ നല്‍കുന്നുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. വാക്സിനേഷന്‍ സ്വീകരിച്ച് സുരക്ഷിതരാകാന്‍ നേരത്തെ തന്നെ എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു