Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ ലോക്ഡൗണിന്റെ രീതി മാറ്റുന്നു: ശനി, ഞായര്‍ സേമ്പൂര്‍ണ അടച്ചിടല്‍ ഒഴിവാക്കും; രോഗികള്‍ കൂടുതലുള്ള സ്ഥലത്ത് നിയന്ത്രണം
Reporter
അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോള്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാര്‍ശകള്‍ തയ്യാറാക്കുന്നത്. വാരാന്ത്യ ലോക്ഡൗണും ഇടവിട്ട ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമുണ്ടാവും.

നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശനം ഒടുവില്‍ സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുകയായിരുന്നു. ടി.പി.ആര്‍. നിരക്കും രോഗികളുടെ എണ്ണവും മാനദണ്ഡമാക്കി സംസ്ഥാന തലത്തില്‍ പൊതു നിയന്ത്രണം വേണ്ടതില്ലെന്ന നിലപാടിലാണ് വിദഗ്ധ സമിതി. പകരം ടി.പി.ആര്‍. കൂടിയ ഇടങ്ങള്‍ മൈക്രോ കണ്ടയിന്‍മെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടു വരണം.

വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായ വാരാന്ത്യ ലോക്ഡൗണ്‍ ഇനി വേണ്ടെന്നാണ് ശുപാര്‍ശ. മൂന്നു ദിവസം മാത്രം പ്രവര്‍ത്തനാനുമതിയുള്ള കടകള്‍ക്ക് എല്ലാ ദിവസവും തുറക്കാം. പ്രവര്‍ത്തന സമയവും കൂട്ടാം. എന്നാല്‍ വിവാഹം, മരണം, മറ്റു പൊതുചടങ്ങുകള്‍ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം തുടരണം. മാനദണ്ഡങ്ങളില്‍ മാറ്റം വരുമ്പോള്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിന് കര്‍ശന നിലപാടും സര്‍ക്കാര്‍ സ്വീകരിക്കും. പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം കോവിഡ് പരിശോധനകള്‍ ഇരട്ടിയാക്കാനും ശ്രമിക്കും.

രോഗ വ്യാപനത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുതലില്ല. വാക്സിനേഷന്‍ ഗുണം ചെയ്തുവെന്നതിന്റെ സൂചനയാണിത്. അതിനാല്‍ വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജിതമാക്കണം.

ആരോഗ്യ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ചര്‍ച്ച ചെയ്യും. തുടര്‍ന്നായിരിക്കും പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വരിക. ഓണക്കാലം വരാനുള്ളതിനാല്‍ കരുതലോടെയായിരിക്കും സര്‍ക്കാര്‍ തീരുമാനം.
 
Other News in this category

 
 




 
Close Window