Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വിടവാങ്ങിയത് നിലമ്പൂരുകാരുടെ സ്വന്തം കുഞ്ഞാക്ക
reporter

നിലമ്പൂരുകാര്‍ക്ക് ആര്യാടന്‍ മുഹമ്മദ് എന്നാല്‍ അവരുടെ കുഞ്ഞാക്കയാണ്. നിലമ്പൂരുകാര്‍ ഇത്രത്തോളം ചേര്‍ത്തു പിടിച്ച മറ്റൊരു രാഷ്ട്രീയനേതാവില്ല. എട്ടു തവണയാണ് ആര്യാടന്‍ നിലമ്പൂരുനിന്ന് ജനവിധി തേടി നിയമസഭയിലേക്ക് എത്തുന്നത്. ഏഴു പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തോടൊപ്പം സഞ്ചരിച്ച ജനനേതാവാണ് വിടവാങ്ങിന്നത്.എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല ആര്യാടന്റെ രാഷ്ട്രീയ യാത്ര. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമായതിനു പിന്നാലെ 1965ലാണ് ആദ്യമായി മത്സരരംഗത്തേക്ക് എത്തുന്നത്. നിലമ്പൂരില്‍ നിന്നു തന്നെയാണ് ജനവിധി തേടിയത്. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. പിന്നീട് 67ലും നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ കുഞ്ഞാലിയോട് തോറ്റു. 1969ല്‍ കുഞ്ഞാലി കൊല്ലപ്പെട്ടതോടെ ആര്യാടനെ കാത്തിരുന്നത് പരീക്ഷണങ്ങളുടെ കാലമായിരുന്നു. കുഞ്ഞാലിയുടെ വധവുമായി ബന്ധപ്പെട്ട് 1969ല്‍ ജൂലൈ 28ന് ആര്യാടന്‍ ജയിലിലായി. പിന്നീട് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. 1977ലെ തെരഞ്ഞെടുപ്പിലാണ് നിലമ്പൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയില്‍ എത്തി. പൊന്നാനിയില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു.

ആ വര്‍ഷം എംഎല്‍എ ആകാതെ ഇടത് മുന്നണി മന്ത്രിസഭയില്‍ വനം - തൊഴില്‍ മന്ത്രിയായി.തുടര്‍ന്ന് ആര്യാടന് വേണ്ടി സി ഹരിദാസ് നിലമ്പൂരില്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍ച്ചു. 1982ല്‍ ടി.കെ.ഹംസയോട് തോല്‍ക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് 1987മുതല്‍ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ല്‍ ആന്റണി മന്ത്രി സഭയില്‍ തൊഴില്‍ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു. മലപ്പുറം ജില്ലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പദ്ധതികള്‍ നടപ്പാക്കിയത് അദ്ദേഹമാണ്. ഉള്‍വനത്തില്‍ ആദിവാസികള്‍ കോളനികളിലും വൈദ്യുതി എത്തിക്കാന്‍ മുന്‍കൈ എടുത്തു. 1980ല്‍ തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും, കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കി.

2005ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ ആര്‍ജിജിവൈ പദ്ധതിയില്‍ മലയോരങ്ങളില്‍ വൈദ്യുതി എത്തിച്ചു.ആര്യാടന്‍ ഉണ്ണീന്റേയും കദിയുമ്മയുടേയും മകനായി 1935 മേയ് 15നാണ് ആര്യാടന്റെ ജനനം. നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1958ല്‍ കേരള പ്രദേശ് കമ്മിറ്റി മെമ്പറായ ആര്യാടന്‍ മുഹമ്മദ് 1959ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി. കോഴിക്കോട് ഡിസിസി സെക്രട്ടറി, കെപിസിസി അംഗം, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.പി.വി.മറിയുമ്മയാണ് ഭാര്യ. മക്കള്‍: അന്‍സാര്‍ ബീഗം, ഷൗക്കത്ത് (നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷന്‍), കദീജ, ഡോ.റിയാസ് അലി. മരുമക്കള്‍: ഡോ.ഹാഷിം ജാവേദ് , മുംതാസ് ബീഗം, ഡോ.ഉമ്മര്‍ സിമി ജലാല്‍.

 
Other News in this category

 
 




 
Close Window