Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അഞ്ചു വര്‍ഷമായി ഹര്‍ഷിനയുട വയറ്റില്‍ കിടക്കുന്ന കത്രിക ഞങ്ങളുടേതല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍
reporter
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണമല്ല യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് എന്നാണ് അധികൃതര്‍ പറയുന്നത്. പരാതിക്ക് പിന്നാലെ ആശുപത്രിയിലെ ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.


ശസ്ത്രക്രിയാ ഉപകരണം യുവതി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലേതാകാമെന്ന നിഗമനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. ഇക്കാര്യം ഉള്‍പ്പടെ പരിശോധിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മൂന്നംഗ ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്‌റഫിന്റെ ഭാര്യ ഹര്‍ഷിനയാണ് അഞ്ചുവര്‍ഷം വയറ്റിനുള്ളില്‍ കത്രികയുമായി വേദന തിന്നുകഴിഞ്ഞത്. 30കാരിയുടെ മൂത്രസഞ്ചിയില്‍ കുത്തിനില്‍ക്കുന്ന നിലയില്‍ സ്‌കാനിങ്ങില്‍ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചു തന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തിരുന്നു. 12 സെന്റി മീറ്റര്‍ നീളവും 6 സെന്റി മീറ്റര്‍ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയില്‍ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. 2017 നവംബര്‍ 30നായിരുന്നു ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്തക്രിയ നടത്തിയത്.

പ്രസവശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന അവശതയും വേദനയും അനുഭവിച്ചിരുന്നു. ഇതുകാരണം പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സി ടി സ്‌കാന്‍ പരിശോധനയില്‍ കത്രിക കണ്ടെത്തിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 14ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സ തേടി. ഗൈനക്ക് ഓങ്കോളജിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനക്കോളജിസ്റ്റ് ഡോ. സജല വിമല്‍രാജ്, യൂറോളജിസ്റ്റ് ഡോ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി.

സംഭവത്തെ കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window