ലണ്ടന്‍: ഊര്‍ജബില്ല് കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാകുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ പരിഹാരവുമായി സര്‍ക്കാര്‍. ഊര്‍ജബില്ല് അടയ്ക്കാനായി കുടുംബങ്ങള്‍ക്ക് 1,500 പൗണ്ട് വീതം ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ബില്ലുകള്‍ അടയ്ക്കാന്‍ ആളുകള്‍ കഷ്ടപ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നടപടി. അടുത്താഴ്ച പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് വര്‍ഷം കാലാവധിയുള്ള പ്രോജക്റ്റില്‍ യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടുകള്‍ നവീകരിക്കാന്‍ ഇക്കോ ഗ്രാന്റുകളും ഇതിന്റെ ഭാഗമായി ലഭിക്കും. 2030 ഓടെ ബ്രിട്ടന്റെ ഊര്‍ജ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തുക, ഊര്‍ജം ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഈ ഇക്കോ പ്ലസ് പദ്ധതിയുടെ മുഖ്യലക്ഷ്യം. കൗണ്‍സില്‍ ടാക്സ് ബാന്‍ഡുകളില്‍ എ മുതല്‍ ഡി വരെയുള്ള ആളുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. എന്നാല്‍ പദ്ധതിയെ കുറിച്ചുള്ള അന്തിമ വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 70,000 വീടുകള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടൈംസ് പറയുന്നതനുസരിച്ച്, ലോഫ്റ്റ് ഇന്സുലേഷന് സ്ഥാപിക്കുന്നതിലൂടെ പ്രതിവര്‍ഷം 640 പൗണ്ട് ലാഭിക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയും. ബോയിലര്‍ താപനില കുറയ്ക്കുക, ഒഴിഞ്ഞ മുറികളില്‍ റേഡിയേറ്ററുകള്‍ സ്വിച്ച് ഓഫ് ചെയ്യുക എന്നിവ ശ്രദ്ധിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും അധികൃതര്‍ പറയുന്നു.